സാമ്പത്തികമായി വലിയ കടബാധ്യതയിലാണ്, വസ്തു വാങ്ങാൻ ആൾക്കാർ വരുന്നില്ല. 1000, 2000, 15000 തുടങ്ങിയ തുകയുടെ കൂപ്പണുകൾ വിൽപന നടത്തി നറുക്കെടുപ്പിൽ വിജയി ആകുന്നയാൾക്ക് വസ്തു കൈമാറും, കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യലിടത്ത് വൈറലാണ് ഈ കാണുന്ന വാചകങ്ങളും. ഇതുവഴിയുള്ള തട്ടിപ്പും. അത്തരമൊരു തട്ടിപ്പിന്‍റെ പേരില്‍ എയറിലായിരിക്കുകയാണ് വ്ലോഗര്‍ പാണ്ടിക്കാട് കുഞ്ഞാന്‍
കടബാധ്യത മൂലം ബുദ്ധിമുട്ടുന്നയൊരാൾക്കായി ഭാഗ്യക്കുറി നറുക്കെടുപ്പാണ് കുഞ്ഞാൻ പാണ്ടിക്കാട് സാമൂഹിക മാധ്യമങ്ങളിൽ പ്രമോട്ട് ചെയ്തത്. 1000 രൂപയുടെ ടിക്കറ്റുകളാണ് വിട്ടത്. ആയിരക്കണക്കിനാളുകളാണ് ടിക്കറ്റ് എടുത്തതെന്നാണ് സൂചന. ഒന്നാം സമ്മാനമായി വീടും, രണ്ടാം സമ്മാനമായി മാരുതി ജിംനിയും, മറ്റ് സമ്മാനങ്ങളായി വാഹനങ്ങളുമാണ് നൽകുമെന്ന് ടിക്കറ്റുകളിലുണ്ടായിരുന്നത്. എന്നാൽ നറുക്കെടുപ്പ് കഴിഞ്ഞ് വിഡിയോകൾ എത്തിയതോടെയാണ് സംഭവത്തിന് പിന്നിൽ തട്ടിപ്പുണ്ടെന്ന് ആക്ഷേപം ഉയർന്നത്. നറുക്കെടുപ്പ് ഒരു അഡ്ജസ്റ്റ്മെൻ്റിൽ നടത്തിയെന്നാണ് ആരോപണം. വളരെ അധികം താഴേക്ക് കയ്യിട്ട് എടുത്ത ആ കൂപ്പൺ ബോക്സിൽ ഒട്ടിച്ച് വെച്ചിരുന്നതാണെന്നാണ് ആക്ഷേപം.
ഇതിന് പിന്നാലെ വിശദീകരണവുമായി പാണ്ടിക്കാട് കുഞ്ഞാന്‍ രംഗത്ത് എത്തി. എനിക്ക് പറയാനുള്ളത് കേട്ടിട്ട് നിങ്ങൾ എന്നെ കള്ളനാക്കാനും താന്‍ ആരെയും പറ്റിക്കാറില്ലെന്നും അര്‍ഹതയില്ലാത്ത ഒരു പണം പോലും താന്‍ സ്വന്തമാക്കാറില്ലെന്നും കുഞ്ഞാന്‍ പറയുന്നു. തട്ടിപ്പിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം.