(Photo: Pyari Maryam/Instagram)
പ്രസവത്തിന് പിന്നാലെ 26 കാരിയായ പാക് വ്ലോഗര്‍. പാകിസ്ഥാനിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക് ടോക് താരവുമായ പ്യാരി മറിയമാണ് അന്തരിച്ചത്. പ്രസവത്തെത്തുടർന്നുണ്ടായ ഗുരുതര സങ്കീര്‍ണതകളാല്‍ ഇന്നലെ ലാഹോറിലായിരുന്നു അന്ത്യം.
ഇരട്ടകുട്ടികളാണ് പ്യാരി മറിയത്തിന് ജനിച്ചത്. പ്രസവിച്ച ഉടൻ തന്നെ യുവതിക്ക് ഗുരുതരമായ സങ്കീർണതകൾ ഉണ്ടായതായും ഇത് മരണത്തിലേക്ക് നയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. പ്യാരിയുടെ മരണ വാര്‍ത്ത ഭർത്താവ് അഹ്‌സാൻ അലി ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നഷ്ടമാണ് പ്യാരിയുടെ വിയോഗമെന്നും അവള്‍ക്കായി പ്രാര്‍ഥിക്കണമെന്നും അഹ്സാന്‍ കുറിച്ചു.
ഇതിനിടെ പ്രസവത്തോടെ പ്യാരിക്കൊപ്പം കുഞ്ഞുങ്ങളും മരിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തള്ളിയ അഹ്സാന്‍ രണ്ട് കുഞ്ഞു മക്കളും സുരക്ഷിതരും പൂര്‍ണ ആരോഗ്യത്തോടെയും ഇരിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് പകരം തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയെന്ന് അഹ്സാന്‍ കുറിച്ചു.
ഇൻസ്റ്റാഗ്രാമിൽ ഒന്നര ലക്ഷം ഫോളോവേഴ്സാണ് പ്യാരി മറിയത്തിനുള്ളത്. ടിക് ടോക്കിലും 20 ലക്ഷം ഫോളോവേഴ്സും പ്യാരിക്കുണ്ട്. ഭർത്താവുമൊത്തുള്ള വിഡിയോകളും നൃത്ത വിഡിയോകളും പ്യാരി മറിയം പതിവായി പോസ്റ്റ് ചെയ്തിരുന്നു. അമ്മയാകാന്‍ പോകുന്ന വിവരവും പ്യാരിമറിയം സോഷ്യല്‍മീഡിയയിലൂടെ തന്‍റെ ആരാധകരെ അറിയിച്ചിരുന്നു.