പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നാലാം തരത്തിലെ കേരളപാഠാവലി മലയാളം പുസ്തകത്തിൽ ഒരു കഥയുണ്ട്. കയ്പമംഗലം മൂന്നുപീടിക സ്വദേശി എസ്.എം ജീവൻ എഴുതിയ കഥയാണത്. രണ്ടു പതിറ്റാണ്ടു നീണ്ട ഈ യുവാവിൻ്റെ കഥയെഴുത്തിനുള്ള അംഗീകാരം കൂടിയാണിത്.
യുദ്ധം അത്ര നല്ലതല്ല എന്ന ശീർഷകത്തിലുള്ള കഥ ഒരു ചിത്ര പുസ്തകം വായിച്ചിരിക്കുന്ന കുട്ടിയുടെ ഭാവനയിലൂടെയാണ് സഞ്ചരിക്കുന്നത്. പുസ്തകത്തിൽ പട്ടാളകൂട്ടത്തിൻ്റെ ചിത്രം കാണുന്ന കുട്ടി യുദ്ധത്തിലേക്ക് ആകർഷിക്കപ്പെടുന്നു. തനിക്ക് ചുറ്റും കാണുന്ന പൂച്ചയും, തേരട്ടയും, തുമ്പിയുമെല്ലാം പുസ്തകത്തിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് കടുവയും, തീവണ്ടിയും, ഹെലികോപ്റ്ററുമായി മാറുകയും യുദ്ധ സന്നാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു.
അവസാനമായി കുട്ടി കാണുന്ന ആടാണ് യുദ്ധത്തിൽ ശത്രുപക്ഷത്തുള്ളത്. പക്ഷേ ശത്രുവായി മാറാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ആട് കുട്ടിയെ ആക്രമിക്കുകയും ആരും ശത്രുവല്ല എന്ന തോന്നൽ കുട്ടിയിലുണ്ടാവുകയും ചെയ്യുന്നു. യുദ്ധത്തെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള കുട്ടി യുദ്ധം അത്ര നല്ലതല്ല എന്ന തിരിച്ചറിവ് നേടുന്നതോടെ കഥയും പൂർണ്ണമാകുന്നു. മാസങ്ങൾക്ക് മുമ്പ് കുട്ടികളുടെ മാസികയായ യുറീക്കയിൽ എഴുതിയ കഥയാണ് സമകാലിക പ്രസക്തി മുൻനിർത്തി പൊതു വിദ്യാഭ്യാസ വകുപ്പ് മലയാള പാഠാവലിയിലേക്ക് തിരഞ്ഞെടുത്തത്.
ഏഴ് വർഷം മുമ്പ് ഒരു ശസ്ത്രക്രിയയുടെ അനന്തര ഫലമായി സപൈനൽ കോഡിനുണ്ടായ തകരാർ മൂലം ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന ജീവന് കഥയെഴുത്ത് പ്രാണവായു പോലെയാണ്. പുസ്തകങ്ങളോടു കൂട്ടുകൂടി എഴുത്തിൻ്റെ വഴിയേ സഞ്ചരിക്കുന്ന ജീവൻ ഇതിനോടകം നിരവധി പുരസ്ക്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.