പ്ലാവ് നട്ട് ആദ്യം ചക്ക വിളയിക്കുന്ന പത്ത് കുട്ടികൾക്ക് പ്രത്യേക സമ്മാനം. തൃശൂർ പുറ്റേക്കര സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലാണ് പരിസ്ഥിതി ബോധവൽക്കരണത്തിനായി ഇത്തരമൊരു വേറിട്ട പദ്ധതിക്ക് തുടക്കം കുറിച്ചത്. ആയിരത്തോളം കുട്ടികൾക്കും അധ്യാപകർക്കുമായി പ്രശസ്ത പ്ലാവ് കർഷകൻ വർഗീസ് തരകനാണ് 'ആയുർ ജാക്ക്' പ്ലാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തത്.
ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന തൈകളാണ് വർഗീസ് തരകൻ വിദ്യാലയത്തിന് കൈമാറിയത്. പ്ലാവിൽ നിന്ന് ലഭിക്കുന്ന ഓക്സിജന്റെ വിലയും ചക്കയുടെ ഔഷധഗുണവും പുതുതലമുറ തിരിച്ചറിയണമെന്നാണ് സ്കൂൾ അധികൃതരുടെ ലക്ഷ്യം. വിതരണം ചെയ്ത തൈകളുടെ വളർച്ച നിരീക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കുട്ടികൾ ഓരോ മാസവും പ്ലാവിൻ തൈയുടെ ചിത്രം സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെക്കണം. ആരുടെ പ്ലാവാണോ ആദ്യം കായ്ക്കുന്നത്, അങ്ങനെയുള്ള പത്തുപേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. മധുരമുള്ള ചക്ക ലഭിക്കുമെന്ന പ്രതീക്ഷയിൽ ഏറെ ആവേശത്തോടെയാണ് കുട്ടികൾ പ്ലാവിൻ തൈകളുമായി മടങ്ങിയത്.