വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നു. അവധി ആഘോഷത്തിൻറെ കൊട്ടിക്കലാശമായി ഇന്നലെ കുട്ടികൾ പാടത്ത് നിറഞ്ഞാടി. അവസാന നാളുകളിൽ പേമാരിയെത്തിയെങ്കിലും ഈ ഒഴിവുകാലത്തോട് മനസ്സില്ലാ മനസ്സോടെ അവർ മെല്ലെ മെല്ലെ വിട്ടുപിരിയാൻ തുടങ്ങിയിരിക്കുന്നു. 

വെള്ളം കെട്ടിക്കിടക്കുന്ന പാടത്തെ കളിക്കളത്തിൽ തട്ടിയും മുട്ടിയും കളിച്ചു നിൽക്കുകയാണ് കാൽപന്തിനെ സ്നേഹിക്കുന്ന കുട്ടിക്കൂട്ടം. ചെളിയും മണ്ണും വെള്ളവുമെല്ലാം കൂടിക്കലർന്ന പാടത്ത് കുട്ടിക്കുരുന്നുകൾ പറവകളെപ്പോലെ ആനന്ദവും ആവേശവും നിറച്ച് പാറി നടന്ന് പന്തു തട്ടുമ്പോൾ ഉള്ളിൻറെയുള്ളിൽ ഒരു ചോദ്യമുണ്ട്.  ഇനി എന്ന്.  ഈ ഒത്തുകൂടലിന് ഇനി വാരാന്ത്യങ്ങൾ മാത്രമേ ലഭിക്കു. 

അന്നൊക്കെ ചിലപ്പോൾ മഴയുണ്ടാവില്ല. മണ്ണും ചെളിയും വെള്ളവുമുണ്ടാവില്ല. എന്നാലും പോട്ടെ. ഉള്ളതുകൊണ്ട് ഓണം പോലെ ആഘോഷിക്കാം എന്ന പ്രതീക്ഷ ബാക്കിയുണ്ട്. ചൂടും തണുപ്പും വെള്ളവും വേനലുമൊക്കെയായി അവധി ദിവസങ്ങൾ ക്ഷണനേരം കൊണ്ട് തീർന്നുപോയി എന്നാണ് കുട്ടികളുടെ പരാതി. 

ആറാട്ടുപുഴ അമ്പലത്തിനോട് ചേർന്നുനിൽക്കുന്ന ഈ പാടത്തെ കുട്ടികളുടെ കളി കണ്ടാൽ ആരും നോക്കി നിന്നു പോകും. സ്നേഹവും സൗഹൃദവും ഒത്തൊരുമിക്കുന്ന അപൂർവ്വ കാഴ്ച. ഒന്നിച്ചുള്ള കളിപോലെ  ആഘോഷിച്ചൊരു കുളിയും പാസാക്കിയിട്ടാണ് കുട്ടികൾ മൈതാനം വിടാറുള്ളത്. 

ENGLISH SUMMARY:

As schools reopen after the summer vacation, children bid farewell to their holidays with joy and play. Despite rain arriving in the final days, they slowly began to part with the carefree days of summer, leaving behind the fields where laughter once echoed.