ഒഡീഷയില്‍ തൊണ്ണൂറുകാരനായ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികരെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് എെഎസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഒഡീഷയില്‍ ആക്രമണത്തില്‍ പരുക്കേറ്റു മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ്‍സ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വൈദികരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിച്ചു.
‘കൈകളും കാലും കെട്ടിയിട്ട് വായിൽ തുണി കുത്തിത്തിരുകി അക്രമികൾ ക്രൂരമായി മർദിച്ചു. ദേഹമാസകലം വേദനയാണ്’ ഫാ. ലീനസ് പുത്തൻവീട്ടിലും ഫാ. സിൽവിൻ കളത്തിലും പറഞ്ഞു. ഒഡിഷയിലെ സാംബൽപുർ കുച്ചിൻഡ ചർവാച്ചിയിൽ കാർമൽ നികേതൻ ആശ്രമത്തിൽ ആക്രമണത്തിൽ പരിക്കേറ്റ വൈദികർ മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂരിന്റെ നിർദേശപ്രകാരം 25-ന് രാത്രിയാണ് ഇരുവരും മഞ്ഞുമ്മൽ ആശുപത്രിയിലെത്തിയത്. ആശ്രമം സുപ്പീരിയർ ആണ് ഫാ. സിൽവിൻ.
‘മേയ് 23ന് പുലർച്ചെ ഒന്നരയോടെയാണ് അക്രമിസംഘം എത്തിയത്. ഏഴുപേരാണ് മുറികളിലെത്തിയത്. നാലുപേർ പുറത്തു നിൽക്കുകയായിരുന്നു. പണം ചോദിച്ചായിരുന്നു അക്രമം. 30,000 രൂപയും പ്രിന്ററും പിയാനോയും അക്രമികൾ കൊണ്ടുപോയി, അക്രമികൾ മുഖത്ത് അടിച്ചുവീഴ്ത്തി. പിന്നീട് കമഴ്ത്തിക്കിടത്തി ഒരാൾ കാലുകളിലും മറ്റൊരാൾ ചുമലിലും അമർത്തിപ്പിടിച്ച് പുറകുവശത്ത് മരത്തടി കൊണ്ട് അടിക്കുകയായിരുന്നു’ വൈദികര്‍ പറഞ്ഞു.
ചികില്‍സയില്‍ കഴിയുന്ന വൈദികരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിച്ചു. ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്ന ഇടങ്ങളില്‍ അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ഈ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാണ് കേരളത്തില്‍ ക്രിസ്മസിനും ഈസ്റ്ററിനും വീടുകളില്‍ കേക്ക് വിതരണം ചെയ്യുന്നത്. ഇവരെ തിരിച്ചറിയണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.