TOPICS COVERED

കോഴിക്കോട് തോപ്പയിൽ ജിഎൽപി സ്കൂള്‍ ഇത്തവണയും തുറക്കുക സമീപത്തെ മദ്രസയില്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനെ തുടര്‍ന്നാണ് പഠനം താല്‍ക്കാലികമായി സമീപത്തെ മദ്രസയിലേക്ക് മാറ്റിയത്. ചുമരില്‍ തൂക്കിയ പല നിറങ്ങള്‍. മങ്ങാത്ത ചെറുപുഞ്ചിരികള്‍. മദ്രസയില്‍ ഇനി ഒരു വര്‍ഷത്തോളം ഇവരുണ്ടാവും.

പുത്തന്‍ പുസ്തകങ്ങളും പുതിയ പ്രതീക്ഷകളുമായി കുട്ടികളെത്തുമ്പോള്‍ മിതമായ സൗകര്യത്തില്‍ വേണം അധ്യാപകര്‍ക്ക് പഠനം നടത്താന്‍. തീരമേഖലയിലെ സാധാരണക്കാരായ കുട്ടികളുടെ ആശ്രയം കൂടിയാണ്  ഈ സ്കൂള്‍.

ശതാബ്ദി പൂര്‍ത്തിയാക്കിയ വിദ്യാലയത്തിന്‍റെ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ കഴിഞ്ഞ ജൂണിലാണ് കുട്ടികളെ സമീപത്തെ മദ്രസയിലേക്ക് മാറ്റിയത്. നിലവില്‍ അഞ്ച് അധ്യാപകരും 28 കുട്ടികളുമാണ് ഇവിടെയുള്ളത്. രണ്ടുഘട്ടമായി 2.15 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മിക്കുക. കോര്‍പറേഷന്‍ പദ്ധതി വിഹിതത്തിലെ 1.15 കോടി ചെലവിട്ട് ആദ്യഘട്ടവും സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച ഒരു കോടി കൂടി ലഭിക്കുന്നതോടെ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.