മഹാരാഷ്ട്ര സര്‍ക്കാരിന് വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയത് രാഷ്ട്രീയ വിവേചനമെന്ന ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, എഫ്സിആര്‍എ ലൈസന്‍സ് എടുത്തതിനാലാണ് അനുമതിയെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. കേരളത്തോടുള്ള വിവേചനമാണ് നടപടിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി.
2018ലെ പ്രളയകാലത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് ഈ അനുമതി നല്‍കിയതാണ് വിവാദമായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമം പ്രകാരമുള്ള ലൈസന്‍സ് ഉള്ളതിനാലാണ് മഹാരാഷ്ട്രയ്ക്ക് അനുമതി നല്‍കിയതെന്ന് മന്ത്രാലയവൃത്തങ്ങള്‍ വിശദീകരിക്കുന്നു. വിദേശപണമിടപാടുകള്‍ സുതാര്യമാക്കുന്നതാണ് എഫ്സിആര്‍എ ലൈസന്‍സെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഇക്കൊല്ലമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എഫ്സിആര്‍എ ലൈസന്‍സ് അനുവദിച്ചത്. വിദേശഫണ്ട് സ്വീകരിക്കാന്‍ ഒരു സംസ്ഥാനത്തിന് അനുമതി ലഭിക്കുന്നതും ഇതാദ്യമാണ്. കേരളം എഫ്സിആര്‍എ ലൈസന്‍സ് എടുക്കുമോ എന്ന ചോദ്യത്തോടുള്ള സിപിഎം ജനറല്‍ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ. രാജ്യവ്യാപകമായി ക്രൈസ്തവ സഭകളുടേതടക്കമുള്ള സ്ഥാപനങ്ങള്‍ക്കും മറ്റ് എന്‍ജിഒകള്‍ക്കും എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കുന്നതിനിടെയാണ് ഈ അസാധാരണനീക്കം.