പലതരം യാത്രയയപ്പുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ജോലി ചെയ്തിരുന്നിടത്ത് നിന്ന് ഓടിച്ച് വീട്ടിലെത്തിക്കുന്ന യാത്രയയപ്പ് ചിലപ്പോള്‍ ഇത് ആദ്യമാകും. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ വിരമിച്ച എയ്ഡ് പോസ്റ്റ് എസ്ഐ അബ്ദുല്‍ കരീമിനാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് വേറിട്ട യാത്രയയപ്പ് നല്‍കിയത്.
1995ല്‍ പൊലീസ് സേനയുടെ ഭാഗമായ കരീം ടൂറിസം പൊലീസ് കോണ്‍സ്റ്റബിളായാണ് വിമാനത്താവളത്തിലെത്തുന്നത്. ടൂറിസ്റ്റുകളോടും മറ്റും പുലര്‍ത്തിയ മാന്യമായ പെരുമാറ്റത്തെ തുടര്‍ന്ന് ഇരുപത്തിരണ്ട് വര്‍ഷവും വിമാനത്താവളത്തില്‍ തന്നെ ജോലി ചെയ്തു. ഏറെനാള്‍ ജോലി ചെയ്തിടത്ത് നിന്ന് വിട പറഞ്ഞിറങ്ങുന്നതിന്‍റെ സങ്കടം സുഹൃത്തുക്കളോട് പങ്കുവച്ചതില്‍ നിന്നാണ് വ‍്യത്യസ്തമായ ഈ യാത്രയയപ്പിന്‍റെ തുടക്കം. എന്നാ പിന്നെ വിരമിക്കല്‍ കളറാക്കണമെന്ന് കൂട്ടുകാര്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള നൊച്ചിമ കോമ്പാറയിലെ വീട്ടിലേക്ക് കൂട്ടയോട്ടം നടത്താമെന്ന സുഹൃത്തുക്കളുടെ ആഗ്രഹത്തിന് കരീമും സമ്മതം മൂളി.
കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് പാട്ടുപാടി കൊണ്ടുള്ള ഓട്ടത്തില്‍ ദൂരം അറിഞ്ഞതേയില്ല..കൂട്ടുകാരുടെ ഓട്ടത്തിന് സപ്പോര്‍ട്ടായി മഴ പോലും മാറിനിന്നു. ദീര്‍ഘദൂര ഓട്ടക്കാരുടെ സംഘടനയായ കളമേശേരി റണ്ണേഴ്സ് ക്ലബ് അംഗമാണ് അബ്ദുല്‍ കരീം. ഒട്ടേറെ മാരത്തോണുകളിലടക്കം പങ്കെടുത്തിട്ടുള്ള കരീമിന് പതിനഞ്ച് കിലോമീറ്റര്‍ വെറും നിസാരം. റണ്ണേഴ്സ് ക്ലബിലെ മുപ്പത്തിയേഴ് പേരാണ് ജോലിതിരക്കുകളെല്ലാം മാറ്റിവച്ച് കരീമിനൊപ്പം ഓടാനെത്തിയത്. വിരമിച്ചാലും വീട്ടില്‍ വെറുതെയിരിക്കാന്‍ താല്‍പര്യമില്ല. പ്രായത്തെ വെറും നമ്പറാക്കി മുന്നേറണം. താണ്ടാന്‍ ഏറെ ദൂരം ഇനിയും ബാക്കിയാണ് കരീമിന്.