പ്രിയപ്പെട്ട ഡിയോ, വീട്ടിൽ തിരികെയെത്തിയ സന്തോഷത്തിലാണ് കൊച്ചി കടവന്ത്ര സ്വദേശി റോണിയും കുടുംബാംഗങ്ങളും. ഉറ്റവരോടകന്നു നിന്ന ഡിയോ, രണ്ടുദിവസത്തിന് ശേഷമാണ് വീടണഞ്ഞത്. ഡിയോ ആരെന്നല്ലേ. ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിൽ പെട്ട ഒരു തത്തയാണവൻ.
വ്യാഴാഴ്ച രാവിലെ ഭക്ഷണം കൊടുക്കാൻ കൂട്ടിൽ നിന്ന് ഇറക്കിയതാണ്. പ്രാവുകളുടെ ശബ്ദം കേട്ട് പേടിച്ച ഡിയോ പറന്നു. തിരിച്ചെത്താൻ ശ്രമിച്ച ഡിയോയെ കാക്കകൾ ആക്രമിച്ചു. അപ്പോൾ എതിർ ദിശയിൽ പറന്നു. ദിശ തെറ്റിയ തത്ത ചെന്നിരുന്നത് ചളിക്കവട്ടത്തു ഫുട്ബോൾ കളിക്കാനെത്തിയ പത്താം ക്ലാസുകാരൻ അബ്ദുൽ വഹാബിന്റെ കയ്യിൽ. തത്തയുടെ ഉടമസ്ഥനെ തിരിച്ചറിഞ്ഞ അബ്ദുൽ വഹാബ് ഡിയോയെ റോണിയ്ക്ക് തിരിച്ചു നൽകി. അഞ്ചുമാസം പ്രായമുണ്ട് ഡിയോയ്ക്ക്. ഇനിയെവിടെയും പോകാതെ, അരുമയെ സൂക്ഷിക്കുകയാണ് ഈ കുടുംബം.