ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജർ പദവിയിൽ നിന്ന് ഒളിംപ്യൻ ഷൈനി വിൽസൺ ഇന്നു വിരമിക്കും. ട്രാക്കിലും ഫീൽഡിലും ഷൈനിക്കൊപ്പമുണ്ടായിരുന്ന കായികതാരങ്ങൾ ഇന്നു ചെന്നൈയിൽ നടക്കുന്ന യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാനെത്തും. 1984 മുതൽ 4 ഒളിംപിക്സുകളിൽ തുടർച്ചയായി മൽസരിച്ച ആദ്യ മലയാളിയെന്ന പെരുമയും 1992ൽ ബാർസിലോന ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തെ നയിച്ച് ദേശീയ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിതയെന്ന ഖ്യാതിയും ഷൈനിയുടെ പേരിലാണ്.
1984ൽ ക്ലർക്കായി എഫ്സിഐയിലെത്തിയ ഷൈനി ഔദ്യോഗിക ജീവിതത്തിലും ഏറെ സമയം മൈതാനങ്ങളിലായിരുന്നു. 4 ലോക അത്‌ലിറ്റിക്സുകളിൽ പങ്കെടുത്തിട്ടുള്ള ഷൈനി, ഏഷ്യൻ ഗെയിംസിലെ റിലേയിൽ സ്വർണ്ണവും വെള്ളിയും നേടിയതിനു പുറമെ ഓരോ വെള്ളിയും വെങ്കലവും വ്യക്തിഗത ഇനത്തിലും നേടി. 6 തവണ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ മൽസരിച്ച് 3 വ്യക്തിഗത സ്വർണം അടക്കം 7 സ്വർണവും 5 വെള്ളിയും 2 വെങ്കലവും നേടി. 75 രാജ്യാന്തര മൽസരങ്ങളിലാണ് ഇന്ത്യയ്ക്കായി ഷൈനി മൽസരിച്ചത്. 1988ൽ വിവാഹിതയായെങ്കിലും ട്രാക്ക് ജീവിതം പിന്നെയും തുടർന്നു. 1998 ലാണ് കായിക ജീവിതത്തോട് വിടപറഞ്ഞത്
കേരള, തമിഴ്നാട് സർക്കാരുകളുടെ വിവിധ കായിക സമിതികളിൽ അംഗമായിട്ടുണ്ട്. 1998ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മുൻ രാജ്യാന്തര നീന്തൽ താരവും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സീനിയർ സ്പോർട്സ് ഓഫിസറുമായിരുന്ന വിൽസൺ ചെറിയാനാണു ഭർത്താവ്.