കട്ടപ്പനയിലെ ജ്വല്ലറിയിൽ അപകടത്തിൽപെട്ട ലിഫ്റ്റ്. ഉള്ളിൽ കുടുങ്ങിയ ആളെ പുറത്തെടുക്കാനായി വെട്ടിപ്പൊളിച്ച ലിഫ്റ്റും കണ്‍ട്രോള്‍ യൂണിറ്റും
സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർ മാനുവലായി (കൈ ഉപയോഗിച്ച്) പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതാകാം ജ്വല്ലറിയിലെ ലിഫ്റ്റ് അമിതവേഗത്തിൽ പാഞ്ഞുണ്ടായ അപകടത്തിനു കാരണമെന്ന് ഇടുക്കി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ലിഫ്റ്റ് കമ്പനി അധികൃതരും പരിശോധനയിൽ കണ്ടെത്തി. കട്ടപ്പന പവിത്ര ഗോൾഡ് ജ്വല്ലറി മാനേജിങ് പാർട്നർ അമ്പലക്കവല വി.ടി പടി പുളിക്കൽ സണ്ണി ഫ്രാൻസിസ് (65) ലിഫ്റ്റ് അപകടത്തിൽ മരിച്ച സംഭവത്തിലാണു കണ്ടെത്തൽ.
സാധാരണയായി ലിഫ്റ്റിന് തകരാര്‍ സംഭവിച്ചാല്‍ ടെക്നീഷ്യന്‍മാര്‍ അതിവേഗത്തില്‍ എത്താന്‍ സാധ്യതയില്ലെങ്കില്‍ പലപ്പോഴും ജീവനക്കാര്‍ക്ക് വിഡിയോ കോളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ഇവിടെ സംഭവിച്ചതും അതുതന്നെയാണ്. നാലുനില കെട്ടിടത്തിനുള്ളിലെ ലിഫ്റ്റിൽ സണ്ണി താഴേക്കു വരുന്നതിനിടെ ലിഫ്റ്റ് രണ്ടാം നിലയ്ക്കും താഴത്തെ നിലയ്ക്കും ഇടയിൽ നിന്നുപോയി. ലിഫ്റ്റ് കമ്പനിയിലെ ടെക്നിഷ്യൻ ലിഫ്റ്റ് സംബന്ധിച്ച് പരിശീലനം ലഭിച്ചിട്ടുള്ള ജ്വല്ലറിയിലെ ജീവനക്കാരനെ വിഡിയോ കോളിൽ വിളിച്ച് പ്രവർത്തിപ്പിക്കേണ്ട രീതി പറഞ്ഞു കൊടുത്തു.
ലിഫ്റ്റിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും ഏറ്റവും മുകൾനിലയിലെ ലിഫ്റ്റിന്റെ വാതിലിനോടു ചേർന്നുള്ള കൺട്രോൾ യൂണിറ്റിലെ സ്വിച്ച് സാവധാനം പ്രവർത്തിപ്പിച്ച്, അടുത്ത നിലയിലെത്തിച്ചു വാതിൽ തുറക്കണമെന്നുമായിരുന്നു നിർദേശം. പല തവണയായി അമർത്തേണ്ടതിനു പകരം, ഒറ്റത്തവണ സ്വിച്ച് അമർത്തിപ്പിടിച്ചത് ലിഫ്റ്റ് അമിത വേഗത്തിൽ സഞ്ചരിക്കാൻ കാരണമായെന്നാണു കണ്ടെത്തൽ.
ഉപകരണങ്ങൾ പരിശോധിച്ച ശേഷമേ യഥാർഥ കാരണം കണ്ടെത്താനാകുകയുള്ളൂവെന്ന് ഇടുക്കി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.എൻ.സജിത്‌കുമാർ പറഞ്ഞു. ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ കെ.പി.വിജയകുമാർ, ദീപ്‌റാൻ ജോസ്, അസി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരായ രോഹിത് രാജ്, അമേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.