ലിഫ്റ്റിൽ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങളെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. അപകടം തിരിച്ചറിഞ്ഞ് പെൺകുട്ടി കാണിച്ച ധൈര്യത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ടെങ്കിലും ലിഫ്റ്റുകളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഈ വിഡിയോ ഉയർത്തുന്നത്.
രണ്ട് ചെറിയ കുട്ടികൾ ലിഫ്റ്റിനുള്ളിൽ നിൽക്കുന്നതും പുറത്തുനിന്ന മറ്റൊരു പെൺകുട്ടി അവരോട് സംസാരിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പെട്ടെന്ന് ലിഫ്റ്റിന്റെ വാതിലുകൾ അടയാൻ തുടങ്ങുന്നത് കണ്ട് മൂത്ത പെൺകുട്ടി വാതിലുകൾക്കിടയിൽ കയറി നിന്ന് അത് തടയാൻ ശ്രമിച്ചു. സാധാരണഗതിയിൽ തടസങ്ങൾ തിരിച്ചറിഞ്ഞ് തുറക്കേണ്ട സെൻസർ വാതിലുകൾ ഇവിടെ പ്രവർത്തനരഹിതമായിരുന്നു. വാതിൽ ബലമായി അടയാൻ തുടങ്ങിയതോടെ കുട്ടികൾ അപകടത്തിലാകുമെന്ന് ഉറപ്പായി. ഈ സമയത്ത് ഭയക്കാതെ തന്റെ കൈകളും കാലുകളും ഉപയോഗിച്ച് വാതിൽ അടയാതെ പെൺകുട്ടി തടഞ്ഞുനിർത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ രണ്ട് സ്ത്രീകൾ ഉടൻ തന്നെ ലിഫ്റ്റിന്റെ വാതിൽ ബലമായി വലിച്ചുതുറക്കുകയും കുട്ടികളെ ഓരോരുത്തരെയായി സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വാതിലുകൾക്കിടയിൽ കുടുങ്ങിപ്പോകുമായിരുന്ന പെൺകുട്ടിയെ പുറത്തെടുത്തത്. 'അവിശ്വസനീയമായ ധൈര്യമുള്ളവള്‍' എന്നാണ് പെൺകുട്ടിയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അതേസമയം, തകരാറുള്ള ലിഫ്റ്റുകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെ നടപടി വേണമെന്നും കുട്ടികളെ തനിയെ ലിഫ്റ്റിൽ വിടരുതെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.