ഒരേ ബഞ്ചിലിരുന്ന് ഒരുമിച്ച് പഠിച്ചു. ഉറ്റ സുഹൃത്തുക്കളായി. ബാല്യത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വഴി പിരിഞ്ഞവർ പിന്നീട് വർഷങ്ങൾക്ക് ശേഷം ഒരു സ്ഥാപനത്തിന് കീഴിൽ തന്നെ ജോലിക്കാരായി. 35 വർഷത്തെ സർക്കാർ പ്രസിലെ ജോലിയ്ക്കു ശേഷം മൂവരും ഒരുമിച്ച് തന്നെ അടുത്ത 31 നു പടിയിറങ്ങുകയാണ്. പാലക്കാട് ഷൊർണ്ണൂരിലാണ് ഇഴമുറിയാത്ത സൗഹൃദത്തിന്‍റെ കഥ.
ഷൊർണൂർ സർക്കാർ പ്രസിൽ ജനറൽ ഫോർമാനായ ഷൊർണൂർ കല്ലിപ്പാടം സ്വദേശി തുളസീധരൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ഒറ്റപ്പാലം സ്വദേശി പി.വിജയകുമാർ, മണ്ണന്തല പ്രസിൽ ബൈൻഡർ സീനിയർ ഫോർമാനായ ഷൊർണൂർ കുളപ്പുള്ളി സ്വദേശി ഇ.എൻ. ബിനോയിയുമാണ് ഈ കഥയിലെ കൂട്ടുകാര്‍.
ഷൊർണൂർ കെവിആർ സ്കൂളിലാണ് മൂന്നുപേരും കണ്ടുമുട്ടിയത്. പിന്നെ ഉറ്റ സുഹൃത്തുക്കളായി. ക്ലാസ് ലീഡറിനു വേണ്ടിയുള്ള മത്സരം വന്നപ്പോൾ വിജയൻ എസ്എഫ്ഐയിലും തുളസീധരൻ കെഎസ്‍യുവിലും മത്സരിച്ചു. തുളസീധനെ വിദ്യാർഥി രാഷ്ട്രീയത്തിൽ വിജയകുമാർ പരാജയപ്പെടുത്തിയെങ്കിലും സൗഹൃദ ബന്ധത്തിൽ ചേർത്തുപിടിച്ചു തന്നെ മുന്നോട്ട് പോയി.
1989 വിജയകുമാറും 1990 ൽ തുളസീധരനും 1999 ൽ ബിനോയിയും സർക്കാർ സർവീസിൽ കയറി. അതും ഒരു മേഖലയിൽ. ഒന്നിച്ചു പ്രവർത്തിച്ചു. സർക്കാർ പ്രസിന്‍റെ വളർച്ചയ്ക്കു കൂടുതൽ നേട്ടങ്ങൾ സമ്മാനിച്ച മൂവരും മേയ് 31 ന് ഒരുമിച്ചാണ് പടിയിറങ്ങുന്നതും. അപൂർവ സൗഹൃദ കഥ പറയാനുള്ള ബിനോയിയും വിജയനും മുരളീധരനും ഇനിയും സന്തോഷത്തോടെ മുന്നോട്ട് പോകും, ഈ ബന്ധത്തിന് പ്രായമോ കാലമോ വിഷയമേ അല്ല.