കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്ക്ക് സമ്മാനമായി മകന്‍റെ ഉന്നതവിജയം. തന്‍റെ ഇച്ഛാശക്തിയിലൂടെ പഠിച്ച് തമിഴ്‌നാട്ടിലെ ഈ വർഷത്തിലെ എസ്.എസ്.എല്‍.സി പരിക്ഷയിൽ ഉന്നതവിജയം നേടിയിരിക്കുകയാണ് റൂബിൻ. എറണാകുളം ലിസ്സി ആശുപത്രിയിലായിരുന്നു റൂബിന്‍റെ ചികിത്സ.
തമിഴ്‌നാട്ടിലെ നീലഗിരിയിലെ നിർധനകുടുംബത്തിലെ അംഗങ്ങളായ രമേശിന്‍റെയും വിജിലയുടെയും മകനാണ് റൂബിൻ. പ്രൈമറി ഹൈപ്പറോക്‌സലൂറിയ എന്ന അപൂർവ്വ ജനിതകരോഗമായിരുന്നു റൂബിന്. കരളും വൃക്കയും മറ്റിവയ്ക്കുക എന്നതായായിരുന്നു പരിഹാരം. 2023 ഫെബ്രുവരി 24ന് ലിസി ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയ ചെയ്തു. മൂന്നുമാസത്തിനുശേഷം വൃക്കയും മാറ്റിവെച്ചു. അമ്മ വിജിലയാണ് റൂബിന് കരളും വൃക്കയും ദാനം ചെയ്തത്.
അതിനുശേഷം സ്കൂളിലേക്ക് മടങ്ങിയ റൂബിൻ ആശുപത്രിയിലേക്ക് തിരിച്ചെത്തിയത് പത്തരമാറ്റ് വിജയവുമായി. തമിഴ്നാട്ടിലെ സ്‌മൈൽ സെന്റ് ആൻറ്റണി മെട്രിക് ഹയർ സെക്കൻഡറി സ്‌ക്കുളിൽ നിന്നും 93 മാർക്ക് വാങ്ങി സ്‌കൂൾ ടോപ്പർ ആയി. പരീക്ഷാ ഫലം അറിഞ്ഞ ഉടനെ തന്നെ ചികിത്സിച്ച ഡോക്ടർമാരെ വിളിച്ച് ആ സന്തോഷ വാർത്ത അറിയിക്കുകയായിരുന്നു.
ഡോക്ടർമാർ കാണണമെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾക്കൊപ്പം ലിസി ആശുപത്രിയിൽ എത്തിയ റൂബിന് ലിസി ടാൻസ്പ്ലാന്‍റ് ടീമും മാനേജ്‌മെന്റും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. തുടർ പഠനത്തിനായി ലാപ്ടോപ്പ് സമ്മാനമായി നൽകിയാണ് റൂബിനെ യാത്രയാക്കിയത്.