ഇന്നലെ വരെ സന്തോഷം മാത്രമായിരുന്നു ആ വീട്ടില്‍, സര്‍വീസിലെ അവസാന ദിവസമാണ്, സഹപ്രവര്‍ത്തകര്‍ക്ക് വിരുന്നു കൊടുക്കണം, മണ്ണാർക്കാട് എംപ്ലോയ്മെന്റ് ഓഫിസർ പ്രസന്നകുമാരി150 പേരെ ക്ഷണിച്ചു, എല്ലാവര്‍ക്കും വിരുന്നൊരുക്കാൻ ഭക്ഷണവും പറഞ്ഞു വച്ചു. സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും ബന്ധുക്കൾക്കളെയും സ്നേഹവിരുന്ന് ക്ഷണിച്ചു. തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള വിരമിക്കല്‍ എല്ലാവരുമായി സ്നേഹം പങ്കിടണം, ഇനിയുള്ള ജീവിതം വിശ്രമിക്കണം.. വലിയ സ്വപ്നങ്ങളുടെ ആ ദിവസത്തിന് വേണ്ടി പ്രസന്നകുമാരി കാത്തിരുന്നു.
എന്നാല്‍ വിധി കാത്ത് വച്ചത് മറ്റൊന്നായിരുന്നു. നാളെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ, മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ചു ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. പത്തിരിപ്പാല മണ്ണൂർ പനവച്ചപറമ്പിൽ കേശവന്റെ മകളാണ് പ്രസന്നകുമാരി. ഇന്നലെ രാവിലെ 11ന് ആണ് അപകടം. സ്റ്റാൻഡിൽ ആളെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിൻവശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു.
ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 2019ലാണ് പ്രസന്നകുമാരി എംപ്ലോയ്മെന്റ് ഓഫിസറായി മണ്ണാർക്കാട്ടെത്തിയത്. ബുധനാഴ്ച ഓഫിസിൽ സഹപ്രവർത്തകർ യാത്രയയപ്പു നൽകിയിരുന്നു. ദിവസവും മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽ ഇറങ്ങി ഓഫിസിലേക്കു നടന്നാണു പോകാറ്. അവിവാഹിതയാണ്. വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സ്നേഹവിരുന്നു നൽകാൻ വീട്ടിലൊരുക്കിയ പന്തൽ അന്ത്യയാത്രയുടേതായി.വിരുന്നൊരുക്കാൻ ഭക്ഷണവും മറ്റും ഏർപ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫിസിലേക്കു പോയത്.