rubin-sslc

കരളും വൃക്കയും പകുത്ത് നൽകിയ മകന്‍റെ സ്നേഹസമ്മാനം. പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തുകയും തന്റെ ഇച്ഛാശക്തിയിലൂടെ പഠിച്ച് തമിഴ്‌നാട്ടിലെ  ഈ വർഷത്തിലെ എസ്എസ്എല്‍സി പരിക്ഷയിൽ ഉന്നതവിജയം നേടുകുയും ചെയ്തിരിക്കുകയാണ് റുബിൻ. സ്‌മൈൽ സെന്റ് ആൻറ്റണി മെട്രിക് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നിന്നും 93 ശതമാനം മാർക്ക് വാങ്ങി സ്‌കൂൾ ടോപ്പർ ആയാണ് ഈ മിടുക്കൻ പാസായത്. റിസൾട്ട് അറിഞ്ഞ ഉടനെ തന്നെ ചികിത്സിച്ച ഡോക്ടർമാരെ വിളിച്ച് ആ സന്തോഷ വാർത്ത അറിയിക്കുകയായിരുന്നു. ഡോക്ടർമാർ കാണണമെന്ന് പറഞ്ഞപ്പോൾ വൈകാതെ തന്നെ മാതാപിതാക്കൾക്കൊപ്പം ലിസി ആശുപത്രിയിൽ എത്തിയ റൂബിന് ലിസി ടാൻസ്പ്ലാന്റ് ടീമും മാനേജ്‌മെന്റും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി.

തമിഴ്‌നാട്ടിലെ നീലഗിരിയിലെ  ഒരു നിർധനകുടുംബത്തിലെ അംഗങ്ങളായ  രമേഷിനും വിജിലക്കും റൂബിന്റെ അസുഖം തീരാവേദനയായിരുന്നു. റൂബിന്റെ ജീവൻ നിലനിർത്താനുള്ള സാധ്യത തേടിയാണ് ഈ കുടുംബം എറണാക്കുളം ലിസി ആശുപത്രിയിൽ എത്തിയത്. വൃക്കയുടെ പ്രവർത്തനം പൂർണമായും നിലച്ച് ഡയാലിസിസ് നടത്തുന്ന അവസ്ഥയിലായിരുന്നു റൂബിൻ. പ്രൈമറി ഹൈപ്പറോക്‌സലൂറിയ എന്ന അപുർവ്വ ജനിതകരോഗമായിരുന്നു റൂബിന്. കരളും വൃക്കയും മറ്റിവയ്ക്കുക എന്നതായായിരുന്നു ഈ അസുഖത്തിനുള്ള ചികിത്സ. പഠനം പൂർണമായും തടസപ്പെട്ട് രോഗവുമായിപോരാടി വളരെ മോശം അവസ്ഥയിലായിരുന്നു റൂബിൻ. 

2023 ഫെബ്രുവരി 24 നായിരുന്നു റൂബിന്റെ കരൾ മാറ്റ ശസ്ത്രക്രിയ. ഡോ. ബി വേണുഗോപലിന്റെ നേതൃത്വത്തിൽ ഡോ. ഷാജി പൊന്നമ്പത്തായിൽ, ഡോ. രാജീവ് കടുങ്ങപുരം, ഡോ. വിഷ്ണുദാസ് കെ ആർ,  ഡോ. പ്രമിൽ കെ, ഡോ. ലിജേഷ് കുമാർ, ഡോ.വിഷ്ണു എ കെ, എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് 3 മാസത്തിനു ശേഷം ഡോ. ബാബു ഫ്രാൻസീസ്, ഡോ. വിജു ജോർജ്ജ്, ഡോ. ജോസ് പി പോൾ, ഡോ. ദാമോദരൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ കിഡ്‌നി ട്രാൻസ്പ്ലാന്റും  നടത്തി. അമ്മ വിജിലയാണ് റൂബിന് കരളും വൃക്കയും ദാനം ചെയ്തത്.

പഠന വഴിയിലേക്ക് തിരികെയെത്തുവാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലന്നും തന്നെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടർ

മാരെപോലെ ഒരു ഡോക്ടറായി മാറണം എന്നാണ് തന്റെ ആഗ്രഹമെന്നും റൂബിൻ സ്വീകരണ ചടങ്ങിൽ പറഞ്ഞു. ഈ ആഗ്രഹം സഫലമാകാനുള്ള എല്ലാ സഹായവും അവന് നൽകുമെന്ന് ഡോക്ടർമാരും ഉറപ്പ് നൽകി. തുടർ പഠനത്തിനായി ഒരു ലാപ്പ്‌ടോപ്പും സമ്മാനമായി നൽകിയാണ് റൂബിനെ യാത്രയാക്കിയത്.

ലിസി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ. പോൾ കരേടൻ, ജോ. ഡയറക്ടർമാരായ ഫാ.റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, അസി.ഡയറക്ടർമാരായ ഫാ. ഡേവിസ് പടന്നക്കൽ, ഫാ. ജെറ്റോ തോട്ടുങ്കൽ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ENGLISH SUMMARY:

Rubin Shines in SSLC Exam After Undergoing Liver Transplant Surgery