tovino-narivetta-k-rajan

അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് അനുരാജ് നരിവേട്ടയിലൂടെ അവതരിപ്പിച്ചതെന്ന് മന്ത്രി പി രാജന്‍. 2003 ലെ മുത്തങ്ങ ആദിവാസി സമരവും അതിനെതിരെ അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടം നടത്തിയ കിരാതമായ ആക്രമണവും വര്‍ത്തമാന തലമുറകളിലെ ചര്‍ച്ചകളിലേക്ക് കൊണ്ടുവരുവാന്‍ ഈ സിനിമക്കായെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വര്‍ഗ്ഗീസ് എന്ന പൊലീസുകാരന്‍റെ വേഷം വളരെ മികച്ച രീതിയില്‍ ടോവിനോ അവതരിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. 

ഓരോ മുഹൂർത്തങ്ങളും ചരിത്രത്തെ കാവൽ നിർത്തിയാണ് അനുരാജ് അവതരിപ്പിച്ചിട്ടുള്ളത്. ഒരു പക്ഷെ തൻ്റെ ജീവിതാനുഭവങ്ങളിലൂടെ പകർന്നു കിട്ടിയ കരുത്തും  ഇത്തരമൊരു സിനിമ അവതരിപ്പിക്കാൻ അനുരാജിന് കാവലായിട്ടുണ്ട്.   ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. വര്‍ഗ്ഗീസ് എന്ന പോലീസുകാരന്‍റെ വേഷം വളരെ മികച്ച രീതിയില്‍ ടോവിനോ അവതരിപ്പിച്ചു. എടുത്തു പറയേണ്ടത് പ്രണവ് ടെഫിന്‍റെ അഭിനയം ആണ്. താമിയെ തന്‍റെ ഉള്ളില്‍ ആവിഷ്ക്കരിച്ച് തന്നെ പ്രതിഫലിപ്പിക്കാന്‍ പ്രണവിനായി.  അതു പോലെ തന്നെ സിനിമയുടെ ഛായഗ്രഹണവും പ്രശംസ അർഹിക്കുന്നത് തന്നെയാണ്. ഉയര്‍ന്ന നിരവാരത്തില്‍ തന്നെ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചതിന് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. 

ദൃഢമായ രാഷ്ട്രീയം സംസാരിച്ചു കൊണ്ടാണ് നരിവേട്ട മുന്നോട്ടു പോകുന്നത്. 2003 ലെ മുത്തങ്ങ ആദിവാസി സമരവും അതിനെതിരെ അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടം നടത്തിയ കിരാതമായ ആക്രമണവും വര്‍ത്തമാന തലമുറകളിലെ ചര്‍ച്ചകളിലേക്ക് കൊണ്ടുവരുവാന്‍ ഈ സിനിമക്കായി. ഒരു നീറലോടെയല്ലാതെ മുത്തങ്ങ സംഭവം ഓര്‍ത്തെടുക്കാന്‍ കഴിയുകയില്ല. അന്ന് ഞാൻ AIYF തൃശൂർ ജില്ലാ സെക്രട്ടറിയായി  പ്രവർത്തിക്കുന്ന സമയമാണ്. മുത്തങ്ങ, കേരളത്തിന് മറക്കാന്‍ കഴിയുന്ന പേരല്ല. ഒരു തുണ്ട് ഭൂമിക്കായി മണ്ണിന്റെ മക്കള്‍ നടത്തിയ അവകാശ സമരത്തിന്റെ അടയാളമാണ് ആ പേരിലൂടെ പ്രതിഫലിക്കുന്നത്.

 മുത്തങ്ങയിലെ ജനങ്ങളെ കോണ്‍ഗ്രസ് ഭരണകൂടം ആട്ടിയോടിച്ചപ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ചത് ഇടതുപക്ഷമാണ്. അന്ന് സമരത്തില്‍ പങ്കെടുത്ത 283 കുടുംബങ്ങള്‍ക്കും ഇടതുപക്ഷ സര്‍ക്കാര്‍ ഭൂമി നല്‍കി.  ബാക്കിയുണ്ടായിരുന്ന 37 കുടുംബങ്ങള്‍ക്കും ഞാന്‍ തന്നെ നേരിട്ട് ഭൂമിയുടെ അവകാശം കൈമാറി.  ഒരേക്കര്‍ ഭൂമി വീതമാണ് 2023 മാര്‍ച്ച് മാസത്തില്‍ നല്‍കിയത്.  ഇതോടെ മുത്തങ്ങ സമരക്കാരായ 283 കുടുംബങ്ങള്‍ക്കും ഭൂമി ലഭിച്ചു. ഭൂമിയുടെ രേഖകള്‍ എന്നില്‍ നിന്നും അവര്‍ ഏറ്റുവാങ്ങുമ്പോഴും അവരുടെ ഉള്ളില്‍ 2003 ലുണ്ടായ വെടിവെയ്പ്പിന്റെ കാതടപ്പിക്കുന്ന വേദനകള്‍ നിഴലിച്ചു നിന്നിരുന്നു. 

എന്നിൽ നിന്നും കൈവശാവകാശ രേഖ ഏറ്റുവാങ്ങാൻ വന്ന വള്ളിയും, നങ്ങിയും, പേളിയും, ശാന്തയും വലിയ സന്തോഷം പ്രകടിപ്പിച്ചത് ഇപ്പോഴും ഓർക്കുന്നു. അന്ന് കേരളം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണമാണ് പോലീസ് മുത്തങ്ങയില്‍ സമരം ചെയ്യുന്ന ആദിവാസികള്‍ക്കെതിരെ നിറയൊഴിക്കുകയും ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്തത്. അവര്‍ താമസിച്ച സ്ഥലങ്ങളില്‍ നിന്ന് ദിവസങ്ങളോളം മാറി നില്‍ക്കേണ്ടി വന്നു. വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരെ തെളിവ് നശിപ്പിക്കുന്നതിനായി കുഴിയിലേക്ക് വലിച്ചിട്ട് മണ്ണെണ്ണയും പഞ്ചസാരയും ചേർത്ത് കത്തിച്ചു കളഞ്ഞത് സിനിമയിലൂടെ വീണ്ടും അവതരിപ്പിക്കപ്പെട്ടപ്പോൾ ഒരു നീറലോടെയാണ് കണ്ടത്. 

അന്നത്തെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ആദിവാസിയായ ജോഗിയുടെ മകള്‍ സീതക്ക് 2006 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കുകയും ഉണ്ടായി. ഇപ്പോള്‍ മുത്തങ്ങ സമരത്തിന്റെ പൂര്‍ണ്ണ വിജയം എന്ന് നമുക്ക് അവകാശപ്പെടാം. എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം ഇടതു സര്‍ക്കാര്‍ നിറവേറ്റിയിരിക്കുന്നു. ഇത് ഇച്ഛാശക്തിയുടെ, ദൃഢനിശ്ചയത്തിന്റെ പരിണിത ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

K Rajan fb post about narivetta film