public-debt

കേരളം കടക്കെണിയിലോ....? നിരന്തരം കേള്‍ക്കുന്ന ചോദ്യമാണ്. നിരന്തരം ഉയരുന്ന തര്‍ക്കമാണ്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വര്‍ഷികാഘോഷത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്  കേരളത്തിന്‍റെ പെരുകുന്ന കട ബാധ്യത വീണ്ടും ചര്‍ച്ചയാക്കിയത് . പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും രംഗത്തുവന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്‍റെ കടബാധ്യതയുടെ വസ്തുതകളും കണക്കുകളും പരിശോധിക്കുന്നത്. ഏതാണ്ട് 4.31 ലക്ഷം കോടിയാണ് നാളിതുവരെ കേരളത്തിന്‍റെ പൊതുകടം. ഇന്ന് കേരളത്തില്‍ ഒരു കുഞ്ഞ് 1.20 ലക്ഷം രൂപ കടക്കാരനോ, കടക്കാരിയോ ആയാണ് ജനിക്കുന്നത് എന്നര്‍ഥം.  

കടം അത്ര മോശം സംഗതിയാണോ...?

കടമില്ലാത്ത ഏത് സര്‍ക്കാരാണ് ലോകത്തുള്ളത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ പൊതുകടം 36.2 ട്രില്യന്‍ ഡോളറാണ്. അതായത് 3004 ലക്ഷം കോടി. 13.7 ട്രില്യന്‍ ഡോളറാണ് ചൈനയുടെ പൊതുകടം, അതായത് 1137 കോടി രൂപ. 183.67 ലക്ഷം കോടിയാണ് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കടം അതില്‍ 5.75 ലക്ഷം വിദേശ കടമാണ്. ചുരുക്കത്തില്‍ കടം ഒരു പ്രശ്നമല്ല.  പ്രശ്നം എന്തിന് കടമെടുക്കുന്നു...? എവിടെ നിന്ന് എടുക്കുന്നു....? എങ്ങനെ എടുക്കുന്നു...? എടുക്കുന്ന കടം തിരിച്ചടക്കാനുള്ള ശേഷിയുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ്. 

വരുമാനം കൂടി, കടവും

കേരളത്തിന്‍റെ പൊതുകടം കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ തോതില്‍ വര്‍ധിച്ചുവെന്നത് ഒരു യഥാര്‍ഥ്യമാണ്. 2016ല്‍ പിണറായി വിജയന്‍ കേരളത്തിന്‍റെ ഭരണമേറ്റെടുക്കുമ്പോള്‍ 1.62 ലക്ഷമായിരുന്നു പൊതുകടം ഇന്നത് 4.31 ലക്ഷമായി വര്‍ധിച്ചു.  9 വര്‍ഷത്തിനിടെ വര്‍ധിച്ചത് 2.66 ലക്ഷം കോടി. 2023-24 സാമ്പത്തിക വര്‍ഷം മാത്രം കേരളം കടമെടുത്തത് 83,354 കോടി രൂപയാണ്. എന്നാല്‍ കടബാധ്യത വിലയിരുത്തേണ്ടത് അക്കംങ്ങള്‍ കൂട്ടിവച്ച് മാത്രമല്ല. സര്‍ക്കാരിന്‍റെയും സംസ്ഥാനത്തിന്‍റെയും പൊതുവായ സാമ്പത്തിക നിലയുമായി താരതമ്യം ചെയ്ത് കൂടിയാണ്.  2016–17 സാമ്പത്തിക വര്‍ഷത്തില്‍ 85000 കോടിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ വരുമാനം.

2024-25 സാമ്പത്തിക വര്‍ഷം ഇത് 1.51 ലക്ഷം കോടിയായി വര്‍ധിച്ചു.  കേരളത്തിന്‍റെ ജി.എസ്.ഡി.പി അഥവ സാമ്പത്തിക വളര്‍ച്ചയിലും വലിയ മാറ്റങ്ങളുണ്ടായി.  2016-17 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ച രൂപയില്‍ 6.34 ലക്ഷം കോടിയായിരുന്നു. 2023-24ല്‍ അത് 13.11 ലക്ഷം കോടിയായി വര്‍ധിച്ചു. ജി.എസ്.ഡി.പിയുടെ അടിസ്ഥാനത്തിലാണ് ഒരോ സാമ്പത്തിക വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്‍റെ കടപരിധി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. ജി.എസ്.ഡി.പിയുടെ 3.5 ശതമാനമാണ് നിലവില്‍ കേരളത്തിന്‍റെ കടമെടുക്കല്‍ പരിധി. 

സംസ്ഥാനത്തിന്‍റെ ആകെ പൊതുകടം ആരോഗ്യകരമായ നിലയിലാണോ അല്ലയോ എന്ന് വിലയിരുത്തുന്നതും ജി.എസ്.ഡി.പിയുമായി താരതമ്യം ചെയ്താണ്. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ഡി.പിയുടെ  33.9 ശതമാനമാണ് നിലിവില്‍ കേരളത്തിന്‍റെ പൊതുകടം. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജി.എസ്.ഡി.പിയുടെ 29.9 ശതമാനമായിരുന്നു കേരളത്തിന്‍റെ കടം. 2020-21ല്‍ 38.47 ശതമാനമായി കുതിച്ചുയര്‍ന്നു 2021-22ല്‍ 33.7 ശതമാനമായും 22-23ല്‍ 32.1 ശതമാനമായും അത് കുറഞ്ഞു. 223-24ല്‍ 33.4 ശതമാനമായും കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത്   33.9 ശതമാനമായും വര്‍ധിച്ചു. അതായത് ജി.എസ്.ഡി.പി താരതമ്യത്തിലും കേരളത്തിന്‍റെ കടം  വര്‍ധിക്കുകയാണ്. 

പക്ഷെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടമുള്ള സംസ്ഥാനമാണോ കേരളം....?  അല്ല. പഞ്ചാബ്, (44.1), പിമാചല്‍ പ്രദേശ് (42.5), അരുണാചല്‍ പ്രദേശ് (40.8), നാഗാലാന്‍ഡ് (38.6)സ മേഘാലയ (37.9), പശ്ചിമബംഗാള്‍ (36.9), രാജസ്ഥാന്‍ (36),ബിഹാര്‍ (35.7), മണിപ്പൂര്‍ (34.5), ത്രിപുര (34.5) തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തേക്കാള്‍ ജി.എസ്.ഡി.പി അനുപാതം കൂടിയ സംസ്ഥാനങ്ങള്‍. കേരളം കടക്കെണിയിലാണെന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും പ്രധാന മറുപടി ഈ കണക്കാണ്. എന്നാല്‍ ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മിസോറം, തെലങ്കാന, ജാര്‍ഖണ്ഡ്, തമിഴ്നാട്, ഹരിയാന, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്,കര്‍ണാടക, അസം, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്,ഓഡിഷ, ഡല്‍ഹി തുടങ്ങിയ മറ്റനേകം സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ കുറഞ്ഞ ജിഎസ്ഡിപി കട അനുപാതമുള്ളവരാണെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുന്നു. 

വിപണി വായ്പയെന്ന കെണി

കേരളത്തിന്‍റെ കടമെടുപ്പിന്  സാമ്പത്തിക വിദഗ്ദര്‍ റെഡ് സിഗ്നല്‍ നല്‍കുന്നതിന്‍റെ മുഖ്യാകരണം മറ്റൊന്നാണ്. അതാണ് വിപണി വായ്പകളിലുള്ള അമിതാശ്രയം. രണ്ട് തരത്തില്‍ കടമെടുക്കാം. 1. റിസര്‍വ്വ് ബാങ്ക്, നബാര്‍ഡ്, നാഷണല്‍ സ്മാള്‍ സേവിങ്സ് ഫണ്ട് തുടങ്ങിയ പരമ്പരാഗത മാര്‍ഗങ്ങള്‍ വഴി.  2. പൊതുവിപണിയില്‍ നിന്നുള്ള വായ്പകള്‍. പരമ്പാരഗത മാര്‍ഗങ്ങള്‍ വഴിയുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് കുറവായിരിക്കും, വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ വലിയൊരളവോളം പലിശ നിരക്കിനെ ബാധിക്കില്ല. വിപണി വായ്പകള്‍ക്ക് കൂടിയ പലിശ നല്‍കണം, വിപണിയിലെ ചെറുചലനങ്ങള്‍ വരെ  പലിശ നിരക്കുകളെ മാറ്റി മറിക്കും. 

കേരളം വായ്പയ്ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കൂടിയ പലിശയും കുറഞ്ഞ കാലാവധിയും വിപണി ബന്ധിതവുമായ മാര്‍ക്കറ്റ് വായ്പകളെയാണ്.  2016-17ല്‍ 17300 കോടിയാണ് പൊതുവിപണിയില്‍ നിന്ന് കേരളം വായ്പയെടുത്തത്. 2023-24ല്‍ അത് 42,438  കോടിയായി വര്‍ധിച്ചു. ഏഴ് വര്‍ഷത്തിനിടെ 142 ശതമാനം വര്‍ധന.  കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 2.21 ലക്ഷം കോടി രൂപയാണ് പൊതുവിപണിയില്‍ നിന്ന് ഉയര്‍ന്ന പലിശക്ക് കേരളം വായ്പയെടുത്തത്.  പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് ഈ കാലയളവില്‍ എടുത്ത വായ്പ 1.53 ലക്ഷം കോടി രൂപ മാത്രമാണ്. അതായത് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളം എടുത്ത വായ്പയുടെ 59.1 ശതമാനവും പൊതു വിപണിയില്‍ നിന്ന് കൂടിയ പലിശയ്ക്കാണ്. 

റെഡി ക്യാശ്, റിസ്ക് കൂടുതല്‍

എന്തുകൊണ്ടാണ് കേരളം വിപണി വായ്പകളെ  കൂടതല്‍ ആശ്രയിക്കുന്നത്...?   ദൈനംദിന കാര്യങ്ങള്‍ക്ക് പോലും പണമില്ലാത്ത സാഹചര്യത്തില്‍ വളരെ പെട്ടെന്ന് പണം ലഭ്യമാക്കാവുന്ന എളുപ്പ വഴിയാണ് മാര്‍ക്കറ്റില്‍ നിന്നുളള വായ്പയെടുക്കല്‍. മറ്റൊന്ന് ഉപാധികളില്ലാത്ത വായ്പകളാണ് വിപണി വായ്പകളില്‍ മിക്കതും. അതായത് സര്‍ക്കാരിന് ഇഷ്ടം പോലെ ചെലവഴിക്കാം.  പരമ്പരാഗത വഴികളിലൂടെയുള്ള വായപ്കള്‍ പ്രത്യേക മേഖലകളില്‍ ചെലവഴിക്കേണ്ടി വരുന്നതാകും. ഉദാഹരണത്തിന് നബാര്‍ഡ് നല്‍കുന്ന വായ്പകള്‍ പ്രധാനമായും കാര്‍ഷിക രംഗത്ത് ചെലവഴിക്കേണ്ടതായിരിക്കും. അവ വകമാറ്റാന്‍ സര്‍ക്കാരിന് കഴിയില്ല.  വിപണി വായ്പകള്‍ക്ക് അത്തരം തടസ്സങ്ങളില്ല. 

വിപണി വായ്പകള്‍ കൂടിയ പലിശയ്ക്ക് പുറമെ കുറഞ്ഞ കാലാവധിയുള്ളതാണ്. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ് മിക്കതിന്‍റെയും തിരിച്ചടവ് കാലാവധി. ഈ കാലവധിക്കുള്ളില്‍ അടച്ച് തീര്‍ക്കാനാകുന്നില്ലെങ്കില്‍ വായ്പ പുതുക്കേണ്ടി വരും. പുതുക്കുമ്പോള്‍ പലിശയുള്‍പ്പെടേയുള്ള ബാധ്യത കൂടും. ചെറിയ കാലാവധിയായതിനാല്‍ തിരിച്ചടവ് വേഗത്തിലാക്കേണ്ടി വരും. ഇതും ധന പ്രതിസന്ധി കൂട്ടും.  2016-17 വര്‍ഷം കേരളത്തിന്‍റെ വായ്പ തിരിച്ചടവ് 7577 കോടി രൂപയായിരുന്നു. 2021-22ല്‍ ഇത് 42,438 കോടിയായി വര്‍ധിച്ചു. 2022-23ല്‍ 48,651 കോടിയായും 2023-24ല്‍ 53,306 കോടിയായും കുതിച്ചുയര്‍ന്നു. 7 വര്‍ഷത്തിനിടെ 7 ഇരട്ടി വര്‍ധന. 2016-17ല്‍ സര്‍ക്കാരിന്‍റെ റവന്യൂ ചെലവിന്‍റെ 8.5 ശതമാനം മാത്രമായിരുന്നു വായ്പ തിരിച്ചടവ്. 

2021-22ല്‍ അത് 32.64 ശതമാനമായി വര്‍ധിച്ചു. 22-23ല്‍ റവന്യൂ ചെലവിന്‍റെ 29.46 ശതമാനവും 23-24ല്‍ 30.27 ശതമാനവുമായിരുന്നു വായ്പ തിരിച്ചടവ്. 2016-17 വര്‍ഷത്തില്‍ റവന്യൂ വരുമാനത്തിന്‍റെ 8.82 ശതമാനമായിരുന്നു വായ്പ തിരിച്ചടവിന് ഉപയോഗിച്ചത്. 2021-22ല്‍ ഇത് 36.90 ശതമാനമായി ഉയര്‍ന്നു. 2022-23ല്‍ 33.55 ശതമാനമായിരുന്നു. 2023-24ല്‍ 39.07 ശതമാനമായി വര്‍ധിച്ചു. അതായത് വരുമാനത്തിന്‍റെ മൂന്നിലൊന്നിലധികം സര്‍ക്കാര്‍ ചെലവഴിക്കുന്നത് വായ്പകളും പലിശയും തിരച്ചടക്കാന്‍. ഫലത്തില്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല ശമ്പളും പെന്‍ഷനും ഉള്‍പ്പെടേയുള്ള ചെലവുകള്‍ക്ക് പോലും വരുമാനം തികയാതെ വരും. അവയ്ക്കായി കൂടുതല്‍ വായ്പയെടുക്കേണ്ടി വരും. ചരുക്കത്തില്‍ കൂടുതല്‍ വായ്പയെന്ന എളുപ്പ വഴിയിലേക്ക് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.അങ്ങനെ കടത്തിനുമേല്‍ കടം കേറി മുടിയുകയാണ് കേരളം. 

ENGLISH SUMMARY:

As Kerala celebrates the fourth anniversary of the second Pinarayi Vijayan government, the debate over the state's rising debt resurfaces. Opposition leader V.D. Satheesan has raised concerns about the mounting financial liabilities, prompting responses from the Chief Minister and Finance Minister. With Kerala's total public debt nearing ₹4.31 lakh crore, it is estimated that every newborn in the state carries a debt burden of ₹1.2 lakh. This article explores the facts and figures behind Kerala’s debt crisis.