തൃശൂർ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ ചക്ക മേളയ്ക്ക് തുടക്കമായി. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്ത മേളയിൽ വൈവിധ്യങ്ങളായ ചക്കയും ചക്ക വിഭവങ്ങളും ഉണ്ട്.
ചക്കപ്പുഴുക്ക് അല്ലെങ്കിൽ ചക്കപ്പഴം കൊണ്ടുള്ള അട. അതുമല്ലെങ്കിൽ ഉപ്പേരി. ഇതിനപ്പുറം ചക്ക വിഭവങ്ങളെക്കുറിച്ച് മലയാളി ചിന്തിക്കാതിരുന്ന കാലത്തേയ്ക്കാണ് പുത്തൻ വിഭവങ്ങളുമായി സംരംഭകരുടെ വരവ്. ചക്ക അങ്ങനെ വലിയ ഡിമാൻഡ് ഉള്ള ഫലമായി മാറി. അത്തരം വിഭവങ്ങളുടെ മേളയാണ് തൃശൂരിൽ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തത്. ചക്ക പഴത്തുചീഞ്ഞ് വീണാലും മൈൻഡ് ചെയ്യാതിരുന്ന മലയാളി ഇന്ന് പ്ലാവ് കായ്ക്കുന്നതും കാത്തിരിക്കുന്നത് വൈവിധ്യം നിറഞ്ഞ ഈ ഉല്പന്നങ്ങളുടെ ഡിമാൻഡ് കാരണമാണ്.
ചക്ക സ്ക്വാഷ് , ചക്കപ്പഴം, ഇടിച്ചക്ക, ചക്ക ഹൽവ , എന്നിങ്ങനെ വിവിധതരത്തിലുള്ള ഉല്പന്നങ്ങളാണ് മേളയിൽ നിരന്നത്. റവന്യൂ വകുപ്പ്മന്ത്രി ചക്കപ്രിയൻ ആയതുക്കൊണ്ടാവാം എല്ലാം രുചിച്ചു നോക്കി തൃപ്തിപ്പെട്ടു. ഇരുപതോളം പ്ലാവിൻ തൈകളും ഇവിടെ ലഭ്യമാണ്. ചക്കയിൽ തയ്യാറാക്കിയ ഒരു വിരുന്നു തന്നെയാണ് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ചക്ക മേളയിൽ ഉള്ളത്. ഇത് കാണാനും രുചിക്കാനും ധാരാളം ആളുകളും എത്തുന്നുണ്ട്. മൂന്നുദിവസത്തെ മേളയിൽ പലതരത്തിലുള്ള സ്റ്റാളുകളാണ് ഉള്ളത്. ചക്കയുമായി ബന്ധപ്പെട്ട ക്ലാസുകളും ക്വിസ് മത്സരങ്ങളും നടത്തുന്നുണ്ട്.