കനത്ത സുരക്ഷയിൽ ചക്രവണ്ടിയിൽ ലോട്ടറി വിൽക്കുന്ന ഒരാളുണ്ട്. വടക്കാഞ്ചേരി പൂമലയിൽ ഭിന്നശേഷിക്കാരൻ ആയ ആന്റണിയുടെ കാവൽക്കാരെ പരിചയപ്പെട്ടാലോ.
തെരുവുനായ്ക്കളെ ശത്രുക്കളായി കാണുന്ന ഒരുപറ്റം ജനങ്ങൾ ഉള്ള നാട്ടിൽ ഒരു ഭിന്നശേഷിക്കാരന് ഈ നായകൾ ആണ് എല്ലാം. ചക്രവണ്ടിയിൽ നിരങ്ങി നീങ്ങി ലോട്ടറി വില്പന നടത്താൻ തുടങ്ങിയിട്ട് ആൻറണി വർഷമേറെയായി. എന്നാൽ അങ്ങോട്ട് സ്നേഹിച്ചാൽ നെഞ്ചു പറിച്ച് തിരിച്ചു തരുന്ന ചില നായകളുമുണ്ട് ഇവിടെയെന്ന് ആൻറണി തെളിയിച്ച് തരുന്നു.
വർഷങ്ങൾക്ക് മുൻപാണ് അപകടത്തിൽ പരുക്കേറ്റ് ആൻറണിക്ക് ഒരു കാൽ നഷ്ടമായത്. തുടർന്ന് ചക്രവണ്ടിയിൽ ലോട്ടറി കച്ചവടം ആരംഭിച്ചു. നാടിൻറെ മുക്കിലും മൂലയിലും വണ്ടിയിൽ നിരങ്ങി നീങ്ങിയെത്തുന്ന വയോധികന് ചുറ്റും സദാസമയം കാവൽക്കാരായി നാലോ അഞ്ചോ തെരുവ് നായകളും കാണും. ആൻറണിയുടെ വണ്ടി നീങ്ങിയാൽ പുറകെ നായകളും അനുഗമിക്കും. വണ്ടി നിർത്തി ആൻറണി വിശ്രമിക്കുമ്പോൾ നായകളും വിശ്രമിക്കും. സദാസമയം ആൻറണിക്കൊപ്പം നടക്കുന്ന ഒട്ടും അപകടകാരികൾ അല്ലാത്ത തെരുവ്നായകളെ നാട്ടുകാർക്കും ഭയമില്ല. നാലു ചക്രത്തിൽ ജീവിത സ്വപ്നങ്ങൾ പടുത്തുയർത്തുമ്പോഴും ആൻറണിക്ക് എന്നും കൂട്ടാണ് ഈ തെരുവ് നായകൾ.