ശനിയാഴ്ച്ച ഉച്ചയ്ക്ക് കൊച്ചിയുടെ പുറങ്കടലിലുണ്ടായ അപകടത്തില്‍ 700 കോടി മുതല്‍ ആയിരം കോടിവരെ നഷ്ടമുണ്ടാകുമെന്ന് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുടെ( മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡര്‍ കപ്പലായ എംഎസ്‌സി എല്‍സ 3 മുങ്ങിയതിലൂടെ കോടികളുടെ ചരക്കുകളാണ് വെള്ളത്തിലായത്. അസംസ്കൃത കശുവണ്ടി മുതല്‍ രാസവസ്തുക്കള്‍ വരെ വ്യത്യസ്ത ഇനം ചരക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ ഒഴിഞ്ഞ 73 കണ്ടെയ്നറുകളും കപ്പലിലുണ്ടായിരുന്നു.
ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണ് സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷൂറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍ ചരക്കിന്റെ കാര്യത്തില്‍ ഉറപ്പില്ല. മിക്കവാറും അസംസ്കൃത വസ്തുക്കള്‍ ഇന്‍ഷൂറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിമെന്റും അസംസ്കൃവസ്തുക്കളുമൊന്നും വ്യാപാരികള്‍ ഇന്‍ഷൂറന്‍സ് ചെയ്യണമെന്നില്ല. ചെലവ് കൂടുമെന്നതിനാലാണ് അതിനു മുതിരാത്തത്. അതേസമയം പൂര്‍ണ ഉല്‍പ്പന്നങ്ങള്‍ ഇന്‍ഷുര്‍ ചെയ്താണ് അയയ്ക്കുക. കപ്പലും ചരക്കും നശിക്കുന്നതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനു പുറമേയാണ് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനുമുണ്ടാകാന്‍ സാധ്യതയുള്ള നഷ്ടം.
രാസവസ്തുക്കള്‍ കലരുന്നതു സമുദ്ര ആവാസവ്യവസ്ഥയ്ക്കും മനുഷ്യര്‍ക്കും ഒരേപോലെ ഭീഷണിയാകും. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, കസ്റ്റംസ്, ദുരന്തനിവാരണ അതോറിറ്റി, തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ചെലവും അധ്വാനവും വേറെ.