സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷീബ അമീറിന്‍റെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി കൊച്ചിയില്‍ വിങ്സ് ഓഫ് ഡിസയര്‍ ചിത്രപ്രദര്‍ശനം. വനിത വീടിന്‍റെ ഫോട്ടോഗ്രാഫര്‍ ജി. ഹരികൃഷ്ണനാണ് ദയ, കരുണ എന്നീ ഭാവങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനം ഒരുക്കിയത്.
മൂവായിരത്തിലേറെ കുഞ്ഞുങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും തണലേകുന്ന ദയയുടെയും കരുണയുടെയും മറുപേരാണ് ഷീബാ അമീര്‍. ഗുരുതര രോഗം പേറി ജീവിതം എങ്ങനെ മുന്നോട്ട് തുഴയും എന്ന് ആശങ്കപ്പെടുന്നവരുടെ പ്രതീക്ഷ. രക്താര്‍ബുദ ബാധയെ തുടര്‍ന്ന് മകള്‍ നിലൂഫ മരിച്ചതോടെയാണ് അവര്‍ തന്‍റെ വഴി തിരഞ്ഞെടുത്തത്. രോഗത്താല്‍ വലയുന്നവരുടെ ആശ്രയമാകണം. വേദനിക്കുന്നവരെ ചേര്‍ത്തുപിടിക്കണം. ഇതിനായി തുടക്കമിട്ട സോലസ് എന്ന പ്രസ്ഥാനം ഇന്ന് അനേകം പേരുടെ അത്താണിയാണ്.
ഷീബ അമീര്‍ എന്ന അമ്പരിപ്പിക്കുന്ന സ്ത്രീജീവിതത്തെ ക്യാമറ കണ്ണിലൂടെ കാഴ്ചക്കാരുടെ മുന്നിലേക്ക് തുറന്നിടുകയാണ് ജി.ഹരികൃഷ്ണന്‍. കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. തന്‍റെ ഉള്ളിലെ പ്രണയത്തേയും സ്നേഹത്തെയും ആര്‍ദ്രതയേയും തൊട്ടുതഴുകുന്ന ചിത്രങ്ങള്‍ തനിക്ക് ലഭിച്ച വലിയ ആദരവാണെന്ന് ഷീബ അമീര്‍ പറഞ്ഞു. പ്രദര്‍ശനം ജൂണ്‍ 1ന് അവസാനിക്കും.