ദേശീയപാതയിലെ തകര്‍ച്ചയും വിള്ളലുകളും കേരളത്തില്‍ സ്ഥിരമായതോടെ വിമര്‍ശനങ്ങളും ട്രോളുകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ. ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ വിമര്‍ശനങ്ങളില്‍ നിന്ന് സര്‍ക്കാരിനെയും മന്ത്രിമാരെയും പൊതിഞ്ഞുപിടിക്കുമ്പോഴും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ ഹാന്‍ഡിലുകള്‍ ട്രോളിക്കൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാനകാരണം മന്ത്രി മുഹമ്മദ് റിയാസിന്‍റെ റീലുകളാണ്.
പണി പൂര്‍ത്തിയായ റോഡുകളുടെ റീലുകള്‍ പങ്കുവെച്ചുകൊണ്ടിരുന്ന മന്ത്രിയെ റീലിലുടെ തന്നെ ട്രോളുകയാണ് സോഷ്യല്‍മീഡിയയും. റിയാസിന്‍റ പഴയ പ്രസംഗത്തിനൊപ്പം എഐയുടെ സഹായത്തോടെ റിയാസിനെ തന്നെ കാണിച്ചാണ് ട്രോളുകള്‍. ടാറിനൊപ്പം പശയൊഴിച്ച് റോഡിന്‍റെ വിള്ളല്‍ അടച്ച് അത് റീലിനായി പകര്‍ത്തുന്ന മന്ത്രിയുടെ വിഡിയോ സൈബറിടത്ത് വൈറലാണ്. പ്രദീപ് പുന്നക്കല്‍ എന്ന ക്രിയേറ്ററാണ് വിഡിയോയ്ക്ക് പിന്നില്‍.
‘കേരള ഗം ഫെഡറേഷന്‍, പശ വാങ്ങി ചിലവ് 35000 കോടി... 4 വിഡിയോയ്ക്ക് 39 ലക്ഷം ആകാം എങ്കില്‍ ഇതും ആകാം, ആ റീൽസ് ഒക്കെ ഇനി എന്തു ചെയ്യും, തളരരുത് രാമൻകുട്ടി നമുക്ക് റീൽസ് കൊണ്ട് ഉയർത്തെഴുന്നേൽക്കാം’ എന്നല്ലാമാണ് വിഡിയോയുടെ കമന്‍റുകള്‍. വിഡിയോ വൈറലായതോടെ ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ സൈബര്‍ ഹാന്‍ഡിലുകള്‍ ഇത് ഏറ്റെടുത്തിട്ടുമുണ്ട്.