കണ്ണൂരില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രാമധ്യേ മക്കളിലൊരാളുടെ പാസ്പോര്‍ട്ട് നഷ്ടമായപ്പോള്‍ കണ്ണൂര്‍ വിമാനത്താവളം അധികൃതര്‍ കൈമെയ് മറന്ന് സഹായിച്ചെന്നും പാസ്പോര്‍ട്ട് വീണ്ടെടുക്കുന്നത് വരെ ഒപ്പം നിന്നുവെന്നും സമൂഹമാധ്യമത്തില്‍ കുറിപ്പ്. മാഹി സ്വദേശിയായ ജിനോസ് ബഷീറാണ് പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച പിന്തുണയ്ക്ക് നന്ദി ഫെയ്സ്ബുക്കില്‍ കുറിച്ചത്. കണ്ണൂര്‍ വിമാനത്താവളം അധികൃതര്‍ സിസിടിവി ഉള്‍പ്പടെ പരിശോധിക്കുകയും പെണ്‍കുട്ടി വിമാനത്തില്‍ കയറുമ്പോള്‍ പാസ്പോര്‍ട്ട് കയ്യിലുണ്ടായിരുന്നുവെന്ന് ഓദ്യോഗികമായി ഷാര്‍ജ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് ഇ–മെയില്‍ സന്ദേശം അയച്ചുവെന്നും ജിനോസ് എഴുതുന്നു. പിറ്റേ ദിവസം വൈകുന്നേരത്തോടെ പാസ്പോര്‍ട്ട് മകളുടെ കൈവശം ലഭിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജിനോസ് ബഷീറിന്‍റെ കുറിപ്പിങ്ങനെ: രാത്രി 12 മണിക്കാണ് ഷാർജ വിമാനത്താവളത്തിൽ എത്തിയ മക്കൾ വിളിക്കുന്നത്. കൂട്ടത്തിൽ ഒരാളുടെ പാസ്പോർട്ട് കാണുന്നില്ല. അവർ രണ്ട് പേരും ഒരുമിച്ചാണ് കണ്ണൂർ / ഷാർജ വിമാനത്തിൽ അനുജൻ ഫിനോസിന്റെ വീട്ടിൽ കൂടലിന് വന്ന് തിരികെ പോയത്. പാസ്പോർട്ട് കാണാനില്ല എന്ന് നമ്മെ വിളിച്ച് പറയുന്നത് എയർപോർട്ടിൽ മക്കളെ കൂട്ടാൻ പോയ മരുമകൻ അബു.
ഇളയ സഹോദരിയെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറക്കി തിരികെ വരുകയായിരുന്ന ഞാനും, അനുജൻ ഫിജാസ്, എന്റെ സഹോദരി ജെസ്സി, എന്റെ ഭാര്യ ആയിഷ കാറിൽ ആദ്യം മുഖത്തോട് മുഖം നോക്കി. ആരും ബേജാർ ആവേണ്ട എന്ന സന്ദേശം എല്ലാവർക്കും നൽകി, പരിഹാരം കാണാം എന്ന വിശ്വാസത്തിൽ..
ആദ്യം ഫോൺ റീ ചാർജ് ചെയ്തു, മക്കളെ വിളിച്ചു. പ്രതേകിച്ച് ബാഗ് ഒന്നും ഉണ്ടായിരുന്നില്ല, ആയതിനാൽ കയ്യിൽ ഹാൻഡ് ബാഗേജ് ഒന്നും ഉണ്ടായില്ല,വാനിറ്റി ബാഗേജ് ഒഴിച്ച്. അവർ ഇരുന്നത് എമർജൻസി എക്സിറ്റ് സീറ്റിൽ ആയതിനാൽ വാനിറ്റി ബാഗേജ് മടിയിലോ / സീറ്റിന് താഴെ വെക്കാൻ പാടില്ല എന്ന നിർദേശം ലഭിച്ചതിനാൽ, അവരുടെ സീറ്റിന് മറുവശം ഉള്ള കേബിനിൽ ബാഗ് വെച്ചു.വിമാനം ഷാർജ എയർപോർട്ടിൽ ലാൻഡ് ചെയ്തു, ടെർമിനലിലേക്കുള്ള ബസ്സ് യാത്രയിൽ പാസ്പോർട്ട് നോക്കിയപ്പോൾ ഒരു മിച്ച് വെച്ച രണ്ട് പാസ്സ്പോർട്ടിൽ ഒരു പാസ്പോർട്ട് കാണാൻ ഇല്ല, ബസ്സിൽ നിന്ന് തന്നെ അധികൃതരെ അറിയിച്ചു. മക്കൾക്ക് ഉറപ്പായിരുന്നു പാസ്പോർട്ട് വിമാനത്തിന് അകത്തുണ്ട് എന്ന്. യാത്രാമധ്യേ കൂടെ യാത്ര ചെയ്ത് യാത്രക്കാരൻ കാബിൻ തുറന്നതായി മക്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ആയതിനാൽ വാനിറ്റി ബാഗിൽ നിന്ന് അവർ അറിയാതെ കാബിനിൽ വീണതാവാം എന്നതായിരുന്നു കണക്ക് കൂട്ടൽ..
11 മണിക്ക് ഷാർജ എത്തിയ വിമാനം ഒരു മണിക്കൂർ കൊണ്ട് തിരിച്ച് കണ്ണൂരിലേക്ക് പുറപ്പെടും , അതിനുള്ളിൽ വിമാനം പരിശോധിച്ച് പാസ്പോർട്ട് കിട്ടുകയും വേണം. നിർഭാഗ്യവശാൽ പരിശോധനയിൽ വിമാനത്തിൽ പാസ്പോർട്ട് കണ്ടെത്താൻ ഷാർജ എയർപോർട്ട് ജീവനക്കാർക്ക് സാധിച്ചില്ല.
രണ്ട് പെൺ കുട്ടികൾ മാത്രം, രണ്ട് പേർക്കും ജോലി ഉണ്ട്, അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കുകയും വേണം. ഒരാളെ എയർപോർട്ടിൽ തനിച്ച് ആക്കി മറ്റേ ആൾക്ക് പോവാൻ കഴിയില്ല. പാസ്പോർട്ട് ഇല്ലാതെ ഷാർജ ഇമിഗ്രേഷൻ കടക്കാനോ, തിരികെ നാട്ടിൽ വരാനോ സാധിക്കില്ല. പുതിയ പാസ്പോർട്ട് ലഭിച്ച് ഇമിഗ്രേഷൻ കടക്കുക വലിയ പ്രയാസം ഉള്ള കാര്യവും. ഒന്നോ രണ്ടോ ദിവസമോ, അതിൽ കൂടുതലോ എയർപോർട്ടിൽ നിൽക്കേണ്ടി വരും, ഒന്ന് ബേജാറായി. അതിൽ കാര്യമില്ല എന്ന് തിരിച്ചറിവ്, മുന്നോട്ടുള്ള കാര്യം നോക്കാം എന്നായി.
ഷാർജ എയർപോർട്ട് എയർഇന്ത്യ എക്സ്പ്രസ്സ് മാനേജർ എന്റെ അനുജൻ ഫിജാസിന്റെ സുഹൃത്ത് സുനീറാണ്. എന്നോടും വലിയ സ്നേഹമുള്ളവൻ , ഫിജാസ് പറഞ്ഞത് പ്രകാരം സുനീറിനെ വിളിച്ചു , അവൻ നൽകിയ ആത്മ വിശ്വാസം ചെറുതല്ല , നമ്മുടെ ഭാഗ്യത്തിന് അവൻറെ അന്നത്തെ ഡ്യൂട്ടി നൈറ്റ് ആയിരുന്നു, ഒരു മണിക്കൂറിനുള്ളിൽ വിമാനം തിരികെ പോയതിനാൽ, അവനോട് ഒരു അഭ്യർത്ഥന മാത്രം , എമിറേറ്റ്സ് ഐ ഡി യോ ഇനി അവന്റെ ഉത്തരവാദിത്യത്തിലോ കുട്ടികളെ ഇമിഗ്രേഷൻ കടത്തി വിടാനുള്ള സാഹചര്യം ഉറപ്പിക്കുക.നമുക്ക് ഒരു പ്രയാസം ഉണ്ടാവുമ്പോൾ ആദ്യം ഓർമ്മവരുന്ന പേര് അഷീലിന്റേതാണ് ( ആലമ്പത്ത് ), വിഷയം പറയുമ്പോഴേക്കും അവനും എയർപോർട്ടിൽ എത്തി , അഷീലും സുനീറും കൂടി അവിടെയുള്ള ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. പാസ്പോർട്ട് ഇല്ലാതെ പറ്റില്ല എന്ന മറുപടി മാത്രം. രണ്ട് പേരും അവർക്ക് അറിയുന്ന മുദീർ ( മാനേജർ ) മാർക്ക് മെസ്സേജ് അയച്ചു. സംഭവം നടക്കുന്നത് രാത്രി 3 മണിക്ക് ആയതിനാൽ, ഈ വിഷയം ഫോണിൽ വിളിച്ച് സംസാരിക്കാൻ പറ്റില്ല, ഇനി രാവിലെ മുദീർ വന്നിട്ട് നോക്കാം എന്നായി അപ്പോഴേക്കും വിമാനം തിരികെ കണ്ണൂർ എയർപോർട്ടിൽ എത്തി ഒന്ന് കൂടി പരിശോധിക്കാം എന്നായി.
അതിനിടയിൽ കണ്ണൂർ എയർപോർട്ടിൽ നിന്ന് കിട്ടിയ പിന്തുണ.. പ്രതേകിച്ച് എയർപോർട്ട് ടെർമിനൽ മാനേജർ സിജി, സഹായം വാക്കുകൾക്ക് അപ്പുറം...സിജിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ, എനിക്ക് ഒന്ന് നിങ്ങളുടെ മക്കളോട് സംസാരിക്കണം എന്നായി. അവരുമായി കോൺഫറൻസ് കാൾ വിളിച്ചു, ഒരു നിർദേശം മാത്രം നിങ്ങൾ സഞ്ചരിച്ച വഴി കൃത്യമായി പറയണം, ആ വഴി അദ്ദേഹം നടന്ന് നോക്കി വഴിയിൽ എവിടെയെങ്കിലും വീണില്ല എന്ന് ഉറപ്പ് വരുത്താം എന്നായി,. മക്കൾ വിമാനത്തിന് അകത്ത് എന്ന് ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും അദ്ദേഹം മക്കൾ നടന്ന വഴിയിൽ നടന്നു, എവിടെയും പാസ്പോർട്ട് കണ്ടില്ല. നേരത്തെ ഷാർജ എയർപോർട്ട് അധികൃതരും വിമാന പരിശോധനയിൽ വിമാനത്തിന് അകത്ത് പാസ്പോർട്ട് ഇല്ല എന്നാണ് പറഞ്ഞത്, പാസ്പോർട്ട് കിട്ടാത്ത സാഹചര്യം വന്നാൽ രണ്ട് മൂന്ന് ദിവസം ഷാർജ എയർപോർട്ടിനകത്ത് മക്കൾ കുടുങ്ങി പോവും. ബേജാർ കൂടി വരാൻ തുടങ്ങി.
കണ്ണൂർ എയർപോർട്ട് മാനേജർ സിജിയോട് ഒരു അഭ്യർത്ഥന കൂടി നടത്തി, മക്കൾ വിമാനത്തിൽ എന്ന് ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും, ആ പറയുന്നത് ഉറപ്പിക്കാൻ വേണ്ടി CCTV ഒന്ന് പരിശോധിക്കാമോ എന്ന് ചോദിച്ചു. എളുപ്പം അല്ലാത്ത കാര്യം എന്ന് അറിയാം എന്നാലും, പറയേണ്ട താമസം, നിങ്ങൾ ഒരു email അയക്കൂ ഒന്ന് ശ്രമിക്കാം എന്നായി. 15 മിനുറ്റ് കഴിഞ്ഞ് സിജിയുടെ ഫോൺ, ജിനോസ്ക്ക നിങ്ങളുടെ മക്കൾ ശരിയാണ് അവർ വിമാനത്തിൽ കയറുമ്പോൾ അവരുടെ കയ്യിൽ പാസ്പോർട്ട് ഉണ്ട്. അതിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ, നിങ്ങൾ പേടിക്കേണ്ട തിരികെ വരുന്ന വിമാനം വെളുപ്പിന് 5 മണിക്ക് കണ്ണൂർ എത്തിയാൽ 9 മണി വരെ ഇവിടെ ഉണ്ടാവും, അതിനായി സ്പെഷ്യൽ ടീമിനെ നിയോഗിക്കും, ഒരിക്കലും പ്രതീക്ഷിക്കാത്ത പിന്തുണ, ആ പിന്തുണയുടെ പിൻബലത്തിൽ ഒരു ചോദ്യം കൂടി, വിമാനത്തിൽ കയറുമ്പോൾ പാസ്പോർട്ട് മക്കളുടെ കയ്യിൽ ഉണ്ട് എന്ന ഒരു ഇമെയിൽ അയക്കാൻ പറ്റുമോ? രാത്രി 4 മണിക്കാണ് ഈ ഒരു അഭ്യർത്ഥന നടത്തിയത്. അത് കിട്ടിയാൽ ആ ഇമെയിൽ ഷാർജ ഇമിഗ്രേഷൻ അധികൃതരെ കാണിച്ച് മക്കൾക്ക് പുറത്ത് ഇറങ്ങാൻ പറ്റുമോ എന്ന ചിന്ത ആയിരുന്നു. മറ്റ് നിയമ വശം നോക്കാതെ അദ്ദേഹം ഔദ്യോഗിക മറുപടി തന്നു, വിമാനത്തിൽ കയറുമ്പോൾ പാസ്പോർട്ട് കയ്യിൽ ഉണ്ട് എന്ന്.
ഇതിനിടയിൽ സുനീർ ഇമിഗ്രേഷൻ മുദീറിനെ കിട്ടാനുള്ള ശ്രമം തുടങ്ങി, കണ്ണുർ എയർപോർട്ട് നൽകിയ ഇമെയിൽ സന്ദേശവും അവന് അയച്ച് കൊടുത്തു. മുദീർ അവന്റ മെസ്സേജ് കണ്ടപ്പോൾ മറുപടി അയച്ചു. വേണ്ട ഏർപാട് ചെയ്യാം, അവന്റെ ഉത്തരവാദിത്തത്തിൽ എമിറേറ്റ്സ് ID യും വെച്ച്, പാസ്പോർട്ട് ഇല്ലാതെ മക്കളെ ഇമിഗ്രേഷൻ കടത്തി അയക്കാം എന്ന തീരുമാനം വന്നു ❤️❤️, അതോടെ പാതി സമാധാനമായി. കണ്ണൂരിൽ എത്തിയ വിമാനത്തിൽ പാസ്പോർട്ട് കണ്ട് കിട്ടിയില്ലെങ്കിലും, മൂന്ന് ദിവസം കൊണ്ട് പുതിയ പാസ്പോർട്ട് സംഘടിപ്പിച്ച് മറ്റ് നടപടി ചെയ്‌താൽ മതിയല്ലോ..... മക്കൾ ഷാർജ എയർപോർട്ടിന് പുറത്ത് ഇറങ്ങുമ്പോൾ മണി 4.കൂട്ടാൻ വന്ന അബു അവരെയും കൊണ്ട് വീട്ടിൽ പോയി.
കൃത്യം 5:30 ന് കണ്ണൂർ എയർപോർട്ട് ടെർമിനൽ മാനേജർ സിജിയുടെ ഫോൺ, ജിനോസ്‌ക പാസ്പോർട്ട് കിട്ടി, യാത്ര മധ്യേ യാത്രക്കാരിൽ ഒരാൾ ക്യാബിൻ ബാഗ് തുറന്നപ്പോൾ വാനിറ്റി ബാഗിൽ ഉണ്ടായ പാസ്സ്പോർട്ടിൽ ഒന്ന് ക്യാബിൻ ബാഗിൽ നിന്ന് താഴെ വീണ് സീറ്റിന്റെ ഇടയിൽ കുടുങ്ങി കിടക്കുന്നു. ഷാർജയിൽ ഒരു മണിക്കൂർ മാത്രം ഉണ്ടായ വിമാനത്തിന്റെ ക്യാബിൻ ചെക്ക് ചെയ്യാൻ മാത്രമെ അവർക്ക് സമയം ഉണ്ടായിരുന്നുള്ളൂ, ആയതിനാൽ അവിടെ മാത്രം പരിശോധിച്ച് ഇല്ല എന്ന് പറഞ്ഞു. കണ്ണൂർ എയർപോർട്ട് നമ്മെ ഹൃദയത്തിൽ ചേർത്ത് പിടിച്ച് പരിശോധന നടത്തിയപ്പോൾ പാസ്പോർട്ട് കിട്ടി , വൈകുന്നേരത്തെ ഷാർജ വിമാനത്തിൽ പാസ്പോർട്ട് വീണ്ടും ഷാർജയിലേക്ക് കൊടുത്ത് വിട്ടു 💪💪💪, കൂടെ നിന്ന എല്ലാവർക്കും നന്ദി, പ്രതേകിച്ച് കണ്ണൂർ എയർപോർട്ട് ടെർമിനൽ മാനേജർ സിജി❤️.