തൃശൂർ ചാവക്കാട് മണത്തലയിൽ ദേശീയപാതയിലെ വിള്ളൽ അടയ്ക്കാൻ ഒഴിച്ച ടാറും മണ്ണുമെല്ലാം മഴയത്ത് വീട്ടിലേക്ക് ഒഴുകിയെത്തി ദുരിതത്തിലായ അശോകന് ആശ്വാസം. മൂന്നു ദിവസത്തിനുള്ളിൽ റോഡിനു പാർശ്വഭിത്തി നിർമിച്ച് ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകി. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് കരാർ കമ്പനിയുടെ ഇടപെടൽ.
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതുപോലെ കരാർ കമ്പനി വിള്ളലിൽ ഒഴിച്ച ടാറും ചെളിയും മണ്ണുമെല്ലാം രാത്രി പെയ്ത മഴയിൽ ഒഴുകിയെത്തിയത് ഭിന്നശേഷിക്കാരനായ അശോകന്റെ വീട്ടിലേയ്ക്കായിരുന്നു. ദേശീയപാത- 66 ൻറെ പണി തുടങ്ങിയ അന്നുമുതൽ ദുരിതത്തിലായ അശോകനും കുടുംബവും പണി തീർന്നയുടൻ റോഡ് തകർന്നപ്പോൾ പതിന്മടങ്ങ് പ്രശ്നത്തിലായി. പ്രശ്നത്തിൽ ഇടപെട്ട കരാർ കമ്പനി മൂന്നു ദിവസത്തിനുള്ളിൽ റോഡിനു പാർശ്വഭിത്തി നിർമിക്കാമെന്ന ഉറപ്പാണ് നൽകിയിരിക്കുന്നത്.
കലക്ടർക്കും ദേശീയപാത അതോറിറ്റി അധികൃതർക്കും നഗരസഭയ്ക്കുമെല്ലാം പരാതി കൊടുത്തെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ പാർശ്വഭിത്തിയെന്ന പുതിയ പ്രതീക്ഷയിലാണ് അശോകനും കുടുംബവും.