ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നവജാത ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു പ്രസവശേഷം കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂർ ഐക്കരപ്പറമ്പിൽ വീട്ടിൽ സജിയുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. 7 പേരുണ്ടായിരുന്നു കാറിൽ
ദേശീയപാതയിൽ ഗതാഗതക്കുരുക്കിനിടെ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുന്നിൽ നിന്നു പുക ഉയരുന്നത് മറ്റുയാത്രക്കാർ ചൂണ്ടിക്കാണിച്ചു. പിന്നാലെ, തീ പടരുകയായിരുന്നു. ഉടൻ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഡോറുകൾ ലോക്ക് ആയത് പരിഭ്രാന്തി പരത്തി. അൽപസമയത്തിനകംതന്നെ ഡോറുകൾ തുറക്കാനായത് ദുരന്തം ഒഴിവായി. കുട്ടികളെ അടക്കം പുറത്തിറക്കി സാധനങ്ങൾ മാറ്റിയതിനു പിന്നാലെ കാറിൽ ഒന്നടങ്കം തീ പടർന്നു. മേലൂർ സ്വദേശി പൂഞ്ഞക്കാരൻ ജോസഫ് തങ്കച്ചന്റെ ഉമസ്ഥതയിലുള്ളതാണ് കാർ. 6 വർഷം മാത്രമാണ് പഴക്കം.