ആലുവ മൂഴിക്കുളത്ത് മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഭർതൃവീട്ടുകാർ തന്നെ നിരന്തരം ഒറ്റപ്പെടുത്തിയതുകൊണ്ടെന്ന് അമ്മ. മകളോട് മറ്റുള്ളവർ അമിത വാൽസല്യം കാണിച്ചതിനൊപ്പം തന്നെ അകറ്റിനിർത്തിയെന്നും അമ്മ പൊലീസിന് മൊഴിനൽകി. അമ്മയ്ക്ക് മാനസിക വെല്ലുവിളിയില്ലെന്നും മകളെ ഭർതൃസഹോദരൻ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
നാലുവയസ്സുകാരിയായ മകളെ പുഴയിലെറിഞ്ഞ് കൊല്ലാനിടയായത് വിശദീകരിക്കുമ്പോഴാണ് അവൾ ലൈംഗിക പീഡനത്തിന് ഇരയായെന്ന് അമ്മയെ പൊലീസ് അറിയിച്ചത്. നിസംഗമായി കേട്ടിരുന്ന അമ്മയ്ക്ക് ഇക്കാര്യത്തിൽ അറിവില്ലായിരുന്നുവെന്നാണ് നിരന്തരമായ ചോദ്യം ചെയ്യലിൽ പൊലീസ് സ്ഥിരീകരിക്കുന്നത്. കൂട്ടുകുടുംബംപൊലെ കഴിഞ്ഞ അവസ്ഥ മുതലെടുത്താണ് കുട്ടിയെ പിതാവിന്റെ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചത്. ഇതേക്കുറിച്ച് അമ്മ അറിയാതെ പോയത് അവരുടെ പ്രാപ്തിക്കുറവുകൊണ്ടാണെന്ന് പൊലീസ് പറയുന്നു.
കുട്ടി പോയിരുന്ന അംഗൻവാടിയിലെ വർക്കർക്കടക്കം ഇക്കാര്യം തിരിച്ചറിയാനായില്ലെന്നതും ഗൗരവമുള്ള വിഷയമാണെന്ന് പൊലീസ് പറയുന്നു.എല്ലാകാര്യങ്ങളിലും ആത്മവിശ്വാസക്കുറവുള്ളയാളാണ് അമ്മ. ഭർതൃകുടുംബത്തിൽ തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങൾ മകളോട് അമിത വാൽസല്യം കാണിച്ചു . ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുകയും താനില്ലാതാകുകയും ചെയ്താൽ മകൾ ഒറ്റപ്പെടുമെന്ന് കരുതി.
ഇതാണ് മകളെ കൊല്ലാൻ കാരണമെന്ന് അമ്മയുടെ മൊഴിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്.എന്നാൽ അമ്മ കുട്ടികളെ കൊലപ്പെടുത്താൻ നേരത്തെ ശ്രമിച്ചിരുന്നുവെന്ന ബന്ധുക്കളുടെ മൊഴികൾ പൊലീസ് തള്ളി. കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ മൂഴിക്കുളം പാലത്തിൽ അമ്മയെ എത്തിച്ച് പൊലീസ് തെളിവെടുത്തു.
മകളെ വലിച്ചെറിഞ്ഞ സ്ഥലം ചൂണ്ടിക്കാണിക്കുമ്പോൾ നാട്ടുകാരിൽ പലരും അമ്മയുടെ മുഖം കാണിക്കുവെന്ന് പറഞ്ഞ് പൊലീസിനോട് തട്ടിക്കയറി. കനത്ത സുരക്ഷയൊരുക്കിയാണ് പൊലീസ് അമ്മയെ സ്ഥലത്തുനിന്ന് തിരികെ കൊണ്ടുപോയത്.