ഡ്രൈവിങ്ങിലെ അശ്രദ്ധ എത്രത്തോളം വലിയ ആപത്തുകള്‍ വരുത്തുമെന്നത് വ്യക്തമാണ്. ഇപ്പോഴിതാ റിവേഴ്സ് എടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സംഭവിച്ച അശ്രദ്ധയാണ് വാര്‍ത്തയാകുന്നത്. കോഴിക്കോട് ഫറോക്കിലാണ് സംഭവം. കാര്‍ പിന്നോട്ടെടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം പെട്ടെന്ന് ചവിട്ടിയത് ആക്സിലറേറ്ററില്‍. ഇതോടെ അതിവേഗത്തില്‍ പുറകോട്ട് നീങ്ങിയ കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു.
ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലത (60) ഓടിച്ച കാറാണ് പതിനാല് കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഡ്രൈവിങ് പഠിച്ച സ്നേഹലത കാർ സ്ഥിരമായി റിവേഴ്സ് ഗിയർ എടുത്തു പഠിക്കാറുണ്ട്.
കാർ കിണറ്റില്‍ വീണെങ്കിലും സ്നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം കാർ മിനി ക്രെയിൻ എത്തിച്ച് ആറരയോടെ കിണറ്റിൽ നിന്നെടുത്തു.