കുന്നംകുളം അക്കിക്കാവ് ജംക്ഷനില്‍ അപകടത്തില്‍പ്പെട്ട പത്താംക്ലാസുകാരനെ തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. കുട്ടി മരിച്ചിരുന്നു. ആശുപത്രിയുടെ സമീപ പ്രദേശത്തുതന്നെയായിരുന്നു അപകടം. കുട്ടിയെ തിരിച്ചറിയാന്‍ ആശുപത്രി ജീവനക്കാര്‍ വന്ന് നോക്കി. അക്കൂട്ടത്തില്‍ ആശുപത്രിയിലെ നഴ്സായ സുലൈഖയും ഉണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിലെ ബെഡില്‍ കിടന്ന ആ കുഞ്ഞിനെ നോക്കി. അപ്പോഴാണ്, ആ അമ്മ തിരിച്ചറിയുന്നത് മരിച്ചത് സ്വന്തം മകനാണെന്ന്.
മകന്‍റെ ചേതനയറ്റ ശരീരം കണ്ട ആ അമ്മ തളര്‍ന്നു വീണു. കുട്ടിയുടെ പിതാവ് മെഹബൂബും ഇതേ ആശുപത്രിയിലെ ജീവനക്കാരനാണ്. ആശുപത്രിയിലെ മറ്റു ജീവനക്കാരുടേയും നെഞ്ചുപിടഞ്ഞു. പ്രിയപ്പെട്ട സഹപ്രവര്‍ത്തകരുടെ മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചെന്ന നടുങ്ങുന്ന വാര്‍ത്ത പെരുമ്പിലാവ് ആശുപത്രി ജീവനക്കാരെ സങ്കടത്തിലാക്കി. കുഞ്ഞു മകന്‍റെ വിയോഗം നാടിനെയും കണ്ണീരാഴ്ത്തി.
അക്കിക്കാവ് ടി.എം.എച്ച്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന അല്‍ ഫൗസാനാണ് മരിച്ചത്. പതിനാലു വയസായിരുന്നു. കുന്നംകുളത്തു നിന്ന് ഗ്യാസ് സിലിന്‍ഡറുമായി വന്ന പിക്കപ്പ് വാനാണ് കാറിലും സ്കൂട്ടറിലും ഇടിച്ച ശേഷം സൈക്കിളിലും ഇടിച്ചത്. ട്യൂഷന്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു പത്താംക്ലാസ് വിദ്യാര്‍ഥി. സൈക്കിള്‍ ചവിട്ടിയായിരുന്നില്ല ആണ്‍കുട്ടി വന്നിരുന്നത്. വഴിയരികിലൂടെ സൈക്കിള്‍ തള്ളി നടന്നു വരികയായിരുന്നു. ഈ സമയത്തായിരുന്നു അപകടം.