ഗ്രീൻ ഹൗസ് ക്ളീനിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായ താരമാണ് ആലപ്പുഴക്കാരന്‍ രോഹിത്. തൂമ്പകൊണ്ടും ചൂലുകൊണ്ടുമുള്ള പണിക്ക് പ്രൊഫഷണൽ ടച്ച് വന്നു എന്ന് അവകാശപ്പെട്ടാണ് രോഹിത് തന്‍റെ പേജ് ആരംഭിക്കുന്നത് തന്നെ. അനുജത്തി രോഷ്നിയുടെ സഹായത്തോടെയായിരുന്നു തുടക്കം. വീടും പരിസരവും വൃത്തിയാക്കാനും വീടിനകം മുക്കും മൂലയുമടക്കം വൃത്തിയാക്കി പുതുമ നൽകാനും സ്ഥാപനം റെഡി എന്നാതായിരുന്നു പേജ് നല്‍കിയ സന്ദേശം.
എന്നാല്‍ പേജ് ഹിറ്റായതോടെ രോഹിത് വിവാദ നായകനുമായി. പഴം കഴുകി മാത്രമെ ഉപയോഗിക്കാവു എന്ന് പറയുക, സര്‍വ്വ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കുക, ഓയോ റൂമിലെല്ലാം ഒളിക്യാമറ വച്ചിട്ടുണ്ടോ എന്ന് നോക്കി വിലയിരുത്തുക, തുടങ്ങിയ ഇയാളുടെ കലാപരിപാടികള്‍ കാരണം പ്രശ്നേഷ് എന്ന പേര് സൈബറിടം ചാര്‍ത്തി കൊടുത്തിരുന്നു.
ഇപ്പോഴിതാ ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അമ്മയും സഹോദരിയും. സഹോദരിയെ പറ്റി അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. പണത്തിന്‍റെ പേരിലാണ് പടലപ്പിണക്കം. കാശിന്‍റെ കണക്ക് പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണം ചോദിച്ചു പ്രശ്നമുണ്ടാക്കിയെന്നും പാതിരാത്രിയില്‍ വീട്ടിലെത്തി ശല്യം ചെയ്തെന്നും അമ്മയും സഹോദരിയും പരാതി പറയുന്നു. വിഷയത്തില്‍ സൈബറിടത്ത് വലിയ ചര്‍ച്ചയാണ് നടക്കുന്നത്.