മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാൻ കേന്ദ്ര അനുമതി തേടി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പുതിയ ചർച്ചക്ക് തിരികൊളുത്തിയിരിക്കുകയാണ്. ആനയെയും കടുവയെയും വേട്ടയാടാൻ നിലവിലെ കേന്ദ്ര നിയമം അനുവദിക്കാത്തതിനാൽ സമാന്തര വഴിതേടാനാണ് സർക്കാർ നീക്കം. കേരളത്തിന് സ്വന്തമായി വന്യജീവി നിയമം സാധ്യമാണോ എന്നാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുകയുമാണ്.
മനുഷ്യരെ ആക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്ന വന്യമൃഗങ്ങളെ വേട്ടയാടുക, എണ്ണം പെരുകുന്ന മൃഗങ്ങളെ നിയന്ത്രിതമായി കൊല്ലുക- ഇതിലേതാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനുത്തരം കിട്ടാതെ വലയുകയാണ് വനം വകുപ്പും പരിസ്ഥിതി വിദഗ്ധരും.
കോഴിക്കോട് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നായാട്ടിന് അനുമതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി പറഞ്ഞത്.
വന്യമൃഗങ്ങൾ കൂടുന്നതിന് നായാട്ടാണ് പ്രതിവിധിയെന്നും ഇതിന് നിയമസാധുത ഇല്ലാത്തതിനാലാണ് കേന്ദ്രത്തെ സമീപിച്ചതെന്നുമാണ് വിശദീകരണം.
കേരളത്തിനു മാത്രമായി ഒരു വന്യമൃഗ സംരക്ഷണ നിയമം ഉണ്ടാക്കാനാവുമോ എന്ന് സർക്കാർ എജിയോട് അഭിപ്രായം ചോദിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
കേരളത്തിൽ മനുഷ്യരുമായി സംഘർഷത്തിൽ വരുന്ന മൃഗങ്ങളിൽ ആനയും കടുവയുമുണ്ട്. അതീവ സംരക്ഷിത ഇനത്തിൽപെട്ട ഇവയെ വേട്ടയാടാൻ സർക്കാറിന് അനുമതി ചോദിക്കാനാവുമോ. എണ്ണം കൂടിയതിന്റെ പേരിൽ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാം. അതേ സമയം പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പാക്കി രാഷ്ട്രം സംരക്ഷിക്കുന്ന മൃഗങ്ങളെ നായാടാനാവുമോ എന്നാണ് വനം വകുപ്പുൾപ്പെടെ ചോദിക്കുന്നത്. മാത്രമല്ല കടുവ ദേശീയ മൃഗവുമാണ്. മാത്രമല്ല ഇത് രാജ്യാന്തര തലത്തിൽ കടുത്ത എതിർപ്പ് വിളിച്ച് വരുത്തുകയും ചെയ്യും. എന്നാൽ മലയോര മേഖലയിൽ മനുഷ്യ ജീവൻ നഷ്ടപ്പെടാതെ എന്ത് ചെയ്യാനാവും എന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ബാക്കിയാവുകയുമാണ്.