നഴ്സിംഗിന് ചേരാനിരിക്കേയാണ് മഞ്ഞപ്പിത്തം ബാധിച്ച് മീനാക്ഷി മരണത്തിന് കീഴടങ്ങിയത്. താങ്ങാനാവാത്ത ആ വേർപാടുണ്ടാക്കിയ ദുഃഖത്തിൽ നിന്ന് കരകയറും മുമ്പേയാണ് മാതാപിതാക്കളായ മുരളിക്കും ശ്രീജയ്ക്കും ഇളയ മകളായ നീതുവിനെക്കൂടി നഷ്ടമായത്. ചേച്ചിക്ക് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് അനുജത്തിയും പോയതോടെ, ഇനി ദൈവത്തോടുള്ള ഏക പ്രാര്‍ഥന അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇളയമകന്‍റെ ജീവനെങ്കിലും എടുക്കരുതേ എന്നുള്ളത് മാത്രമാണ്.
മീനാക്ഷി മരിച്ചതിന് പിന്നാലെ പ്രദേശത്തെ 15 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മീനാക്ഷിക്ക് അരികിലായി നീതുവിന്‍റെ മൃതദേഹം സംസ്കരിക്കുമ്പോള്‍, മുരളിയുടെയും ശ്രീജയുടെയും ഉള്ള് പൊള്ളുകയായിരുന്നു. മുരളി മേളകലാകാരനാണ്. ചെണ്ടകൊട്ട് ഇല്ലെങ്കില്‍, കൂലിപ്പണിക്ക് പോയാണ് അന്നത്തിനുള്ള പണം സമ്പാദിക്കുന്നത്. മുരളിയുടെ ഇളയ മകൻ അമ്പാടിക്കാണ് രണ്ടാഴ്ച മുമ്പ് ആദ്യം മഞ്ഞപ്പിത്തം വന്നത്.
ആദ്യം കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലാണ് അമ്പാടിയെ പ്രവേശിപ്പിച്ചത്. നില വഷളായതോടെയാണ് അമ്പാടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അപ്പോഴാണ് പെൺകുട്ടികൾക്കും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നതും അധികം വൈകാതെ മരണത്തിന് കീഴടങ്ങുന്നതും. അമ്പാടി ഇപ്പോള്‍ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഈ ഭാഗത്ത് കിണറ്റിലെ കുടിവെള്ളം മലിനമായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം ശക്തമാണ്. വേനലില്‍ കല്ലട കനാൽ തുറക്കുമ്പോള്‍, പൊട്ടലുള്ള ഭാഗങ്ങളിലൂടെ ജലം തലച്ചിറ ചിറയിലാണെത്തുക. ചിറയിലെ ജലനിരപ്പ് ഉയരുന്നതോടെ തലച്ചിറ നഗറിലെ കിണറുകളിലും സെപ്ടിക് ടാങ്കുകളിലും ജലനിരപ്പുയരും. ചീഞ്ഞളിഞ്ഞ മാലിന്യം കലര്‍ന്ന വെള്ളമാണ് കനാലിലൂടെ തലച്ചിറ ചിറയിലേക്ക് ഒഴുകിയെത്തുന്നത്.
തലച്ചിറ നഗറിലെ ഭൂരിപക്ഷമാളുകളും മുന്നും നാലും സെന്‍റ് സ്ഥലത്ത് വീടുവച്ച് താമസിക്കുന്ന പാവങ്ങളാണ്. മിക്കയിടങ്ങളിലും സെപ്ടിക് ടാങ്കുകളും കിണറുകളും അടുത്തടുത്താണ്. മണ്ണിനടിയിൽ ജലനിരപ്പ് ഉയരുമ്പോൾ സെപ്ടിക് ടാങ്കിൽ നിന്ന് മലിനജലം കിണറുകളിലേക്ക് നിറയും. ഇത്തരത്തിൽ കിണറ്റിലെ ജലം കുടിച്ചാകാം മുരളിയുടെ മൂന്ന് മക്കൾക്കും മഞ്ഞപ്പിത്തം ബാധിച്ചത്.
കിണറുകളിൽ മലിനജലം നിറഞ്ഞിട്ടും യാതൊരു പ്രതിരോധ പ്രവർത്തനത്തിനും അധികൃതർ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.