instagram.com/notonthemap
ആമസോണ്‍ കാടുകള്‍ക്ക് നടുവിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടല്ല, ഇത് കേരളത്തിന്‍റെ സൗന്ദര്യമാണ്... പറഞ്ഞു വരുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്ന ഒരു ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ വിഡിയോയാണ്. തൃശൂരിലെ പാലപ്പിള്ളി ഗ്രൗണ്ടിന്റെ വൈറൽ സൗന്ദര്യം. വരന്തരപ്പിള്ളിയിലെ ഹാരിസൺസ് മലയാളം പ്ലാന്റേഷനുള്ളിലാണ് ക്രിക്കറ്റ് മൈതാനം സ്ഥിതി ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ എസ്.ശ്രീജിത്ത് പങ്കിട്ട വിഡിയോയാണ് വൈറലായിരിക്കുന്നത്.
പാലപ്പിള്ളി ഗ്രൗണ്ടിന്റെ വിസ്മയിക്കുന്ന ഡ്രോൺ ദൃശ്യങ്ങളാണ് തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ ശ്രീജിത്ത് പങ്കിട്ടത്. കേരളത്തിന്‍റെ പച്ചപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് മൈതാനും. ഒറ്റനോട്ടത്തില്‍ അതിന്റെ ഭംഗിയും വശ്യതയും കൊണ്ട് ആമസോണ്‍ കാടുകളാണെന്ന് പോലും തെറ്റിദ്ധരിച്ചേക്കാം. ‘ഇത് ആമസോൺ മഴക്കാടുകളല്ല’ എന്ന് കുറിച്ചിട്ടാണ് അദ്ദേഹം വിഡിയോ പങ്കിട്ടത്. ഗ്രൗണ്ടിന് നടുവില്‍ ആളുകൾ ക്രിക്കറ്റ് കളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനകം 37.6 ദശലക്ഷത്തിലധികം വ്യൂകളും ആയിരക്കണക്കിന് കമന്റുകളുമാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്.
ഈ കാഴ്ചകള്‍ തികച്ചും ആശ്വാസം നല്‍കുന്നതാണെന്നാണ് ഒരാള്‍ വിഡിയോക്ക് താഴെ കുറിച്ചത്. ചിലർക്ക് ഇത് എഐ ആണെന്ന് പോലും തോന്നിയേക്കാമെന്ന് മറ്റൊരാളും കുറിച്ചു. കാട്ടിൽ നഷ്ടപ്പെട്ടാല്‍ ആ പന്ത് എങ്ങിനെ ലഭിക്കും, ഇവിടെ കളിച്ച് വിരമിക്കാന്‍ തോന്നുന്നു എന്ന രസകരമായ കമന്‍റുകളും വിഡിയോക്ക് താഴെ വരുന്നുണ്ട്.