അപകടാവസ്ഥയിലായ കൊച്ചി വൈറ്റില ചന്ദർകുഞ്ജ് ആർമി ഫ്ലാറ്റുകൾ ഓഗസ്റ്റ് ആദ്യവാരം പൊളിച്ചു നീക്കും. ഇതിനു മുന്നോടിയായി, ജൂലൈ അവസാനത്തോടെ മുഴുവൻ താമസക്കാരെയും മാറ്റിപ്പാർപ്പിക്കും. വാടക കൂട്ടുന്നത് സംബന്ധിച്ച് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
പരിശോധനയ്ക്കിടെ ആർമി ഫ്ലാറ്റുകളുടെ അപകടാവസ്ഥ നേരിട്ടറിഞ്ഞ സാങ്കേതിക വിദഗ്ധരുടെ സംഘം, ഫ്ലാറ്റിന്റെ ബി, സി ടവറുകൾ എത്രയും വേഗം പൊളിച്ചു നീക്കണമെന്നായിരുന്നു നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതി ഇതിനെ അനുകൂലിച്ചെങ്കിലും, വാടക സംബന്ധിച്ച തർക്കം നടപടിക്രമങ്ങൾ നീണ്ടുപോകാൻ കാരണമായി. തുടർച്ചയായ യോഗങ്ങൾക്കും ചർച്ചകൾക്കും ശേഷം പൊളിക്കൽ പ്രവർത്തനങ്ങളുടെ സമയക്രമം തയ്യാറായിട്ടുണ്ട്.
കോടതി ആദ്യഘട്ടത്തിൽ ഉത്തരവിട്ട 175 കോടി രൂപ മതിയാകില്ലെന്ന് ജില്ലാ കളക്ടർ സത്യവാങ്മൂലം നൽകിയിരുന്നു. വാടക 23,000ത്തിൽ നിന്ന് 38,000 രൂപയായി കോടതി വർദ്ധിപ്പിക്കുമോ എന്ന് ബുധനാഴ്ച അറിയാം. ഫ്ലാറ്റുകളുടെ പുനർ പുനർനിർമാണം തന്നെയാണ് ഇനിയുള്ള പ്രധാന വെല്ലുവിളി.
മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിൽ തന്നെയാണ് ആർമി ഫ്ലാറ്റുകളും പൊളിക്കാൻ പോകുന്നത്. പൊളിക്കാനുള്ള ടവറുകളുടെ സമീപമുള്ള എ ടവറിലും ബല പരിശോധന നടത്തും.