തട്ടിപ്പ് നടത്തിയ ശേഷം, സ്വന്തം ചരമവാർത്ത പത്രത്തിൽ കൊടുത്ത് നാടുവിട്ടയാൾ റിമാൻഡിൽ. സ്വർണാഭരണമാണെന്ന് തെറ്റിധരിപ്പിച്ച്, മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കുമാരനല്ലൂർ മയാലിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊച്ചി സ്വദേശി സജീവിനെയാണ് (41) കോടതി റിമാൻഡ് ചെയ്തത്.
ചരമവാർത്ത പത്രത്തിൽ കൊടുത്ത് ഒളിച്ചിരുന്ന സജീവിനെ കൊടൈക്കനാലിൽ നിന്നാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന സ്വർണ്ണപ്പണയ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തി നാടുവിട്ട സജീവിനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ലായിരുന്നു.
സജീവ് മിസ്സിങ്ങായി അധികം വൈകാതെയാണ് അയാളുടെ ചരമവാർത്ത പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. കൊച്ചി സ്വദേശിയായ സജീവ് മരണപ്പെട്ടുവെന്നും, ചെന്നൈയിലെ അഡയാറിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടത്തിയെന്നുമാണ് വാർത്ത വന്നത്.
എന്നാൽ പൊലീസിന് സംശയമായതോടെ സജീവന്റെ ഭാര്യയുടെ ഫോണിലേയ്ക്ക് വരുന്ന ഫോൺ നമ്പറുകൾ നിരീക്ഷിക്കാൻ ആരംഭിച്ചു.
ആ ഫോണിലേക്ക് പുതുതായ വന്ന അൺ നോൺ നമ്പർകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സജീവനാണ് ഫോൺ വിളിക്കുന്നതെന്ന് ബോധ്യമായത്. തമിഴ്‌നാട്ടിൽ ഒളിവിലാണെന്ന വിവരവും പൊലീസ് കണ്ടെത്തി. തുടർന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ ടി. ശ്രീജിത്ത്, എസ്.ഐ എം.എച്ച് അനുരാജ്, എസ്.ഐ എസ്. സത്യൻ, രഞ്ജിത്ത്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.