കോഴിക്കോട് കൊടുവള്ളിയിലെ അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഘം അഞ്ച് ദിവസം മുൻപും പരപ്പാറയിൽ എത്തിയതിൻ്റെ സി സി ടി വി ദ്യശ്യം ലഭിച്ചു. കാറിലെത്തിയ സംഘം നാട്ടുകാരനുമായി സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. തട്ടി കൊണ്ടുപോകലുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിൻ്റെ മകൻ അനൂസ് റോഷനെ ഇന്നലെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. വൈകീട്ട് 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയവർ വീട്ടിൽ നിന്നുമാണ് അനുസിന്നെ തട്ടിക്കൊണ്ട് പോയത്. KL 65 L 8306 നമ്പർ കാറിലാണ് സംഘം എത്തിയത്. അനുസിനെ കാറിൽ കയറ്റിയ ശേഷം ഇവര്‍ കടന്നുകളയുന്നതിന്‍റെ ദൃശ്യങ്ങും സമീപത്തെ സിസിടിവിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
തട്ടി കൊണ്ടു പോകൽ ശ്രമത്തിനിടെ ഇവരുടെ കൈയ്യിൽ നിന്ന് ഒരു കത്തിയും വീട്ട് മുറ്റത്ത് വീണിരുന്നു. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.അതിനിടെയാണ് തട്ടി കൊണ്ടുപോകൽ സംഘത്തിൻ്റെ ആസൂത്രണം സ്ഥിരീകരിക്കുന്ന രീതിയിൽ അവരുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്ന് ലഭിച്ചത്. തട്ടി കൊണ്ടു പോകുന്നതിന് തൊട്ട് മുൻപ് അനൂസിൻ്റെ വീട്ടിൽ ബൈക്കിൽ എത്തിയ രണ്ട് പേരാണ് ഇപ്പോൾ പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്. തട്ടി കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നാണ് പൊലീസിൻ്റെ നിഗമനം