മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ.പ്രദീപ് കുമാറിന്‍റെ നിയമനം മാറ്റത്തിന്റെ ആദ്യചുവടാണ്. കൂടുതല്‍ ജനകീയമാകാനും ആശയവിനിമയം വിപുലമാക്കാനും ആണ് തീരുമാനം. കഴിയുന്നതും മാധ്യമങ്ങളെ കാണാതിരുന്ന നിലപാടില്‍ മാറ്റം വരുത്തി എല്ലാ ആഴ്ചയിലും വാര്‍ത്താ സമ്മേളനം നടത്താം എന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ തീരുമാനം.
കൂടാതെ ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനുള്ള പരിപാടികളും ആവിഷ്ക്കരിക്കും. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ മുങ്ങി. പ്രതീക്ഷിച്ച ജനശ്രദ്ധകിട്ടിയുമില്ല. വരും ദിവസങ്ങളില്‍ അതിന്‍റെ കുറവു നികത്താനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകും.
മുഖ്യമന്ത്രിയുടെ പി.ആര്‍–മാധ്യമ വിഭാഗത്തോട് കൂടുതല്‍ സജീവമാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. മാധ്യമങ്ങളുമായി പാലിക്കുന്ന അകലം കുറക്കണം, കടുത്ത മാധ്യമ വിമര്‍ശനം വേണ്ട എന്നീ തീരുമാനങ്ങളും ഉണ്ടെന്നാണ് അറിയുന്നത്. എ.പ്രദീപ് കുമാര്‍ പ്രൈവറ്റ് സെക്രട്ടറിയാകുന്നതോടെ ഒാഫീസ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനകീയമാകാനിടയുണ്ട്.
ആവശ്യങ്ങളുമായെത്തുന്നവരെ സെക്രട്ടേറിയറ്റിന്‍റെ പടിക്കു പുറത്തു നിര്‍ത്തുന്ന സമീപനം ഉണ്ടാവില്ലെന്ന് ചുരുക്കം. തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടുള്ള മാറ്റം സമീപനത്തില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും കാണണമെന്ന നിര്‍ദേശമാണ് എല്ലാ വകുപ്പുകള്‍ക്കും നല്‍കിയിരിക്കുന്നത്.