police-women-crime

AI IMAGE

സ്വർണം മോഷ്ടിച്ചെന്ന് പറഞ്ഞ്  വീട്ടുജോലിക്കാരിയായ യുവതിയെ വിവസ്ത്രയാക്കി പരിശോധന നടത്തി പൊലീസ് സംഘം. സംഭവത്തിൽ പേരൂർക്കട പൊലീസിനെതിരെ റിപ്പോർട്ട് നൽകാൻ കന്റോൺമെന്റ് അസി. കമ്മിഷണർക്ക് ഡി.ജി.പി നിർദ്ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.  

മോഷണക്കുറ്റം ആരോപിക്കപ്പെട്ട നെടുമങ്ങാട് സ്വദേശി ബിന്ദു,​ ഡി.ജി.പിക്കും പട്ടികജാതി കമ്മിഷനും നൽകിയ പരാതിയിലാണ് നടപടി. കുടപ്പനക്കുന്ന് ഭഗവതി നഗറിൽ ഓമന ഡാനിയല്‍, മകൾ നിഷ എന്നിവരാണ് രണ്ടര പവൻ സ്വർണാഭരണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിന്ദുവിനെതിരെ പൊലീസിനെ സമീപിച്ചത്. ഈ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ 23ന് വൈകിട്ട് ബിന്ദുവിനെ പൊലീസ്  കസ്റ്റഡിയിലെടുത്തത്.  രാത്രിയും അടുത്ത പകലും കുടിവെള്ളം പോലും നല്‍കാതെ സെല്ലിലിട്ടെന്നാണ് ബിന്ദുവിന്‍റെ പരാതി. സംഭവത്തിൽ പേരൂർക്കട പൊലീസിനെതിരേ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി രംഗത്തെത്തിയിട്ടുണ്ട്. 

സംഭവത്തെപ്പറ്റി ബിന്ദു പറയുന്നതിങ്ങനെ; വനിതാ പൊലീസുകാര്‍ വിവസ്ത്രയാക്കി ദേഹം പരിശോധിക്കുകയും മർദ്ദിക്കുകയും ചെയ്തു. പെൺമക്കളെയും ഭർത്താവിനെയും കേസിൽ കുടുക്കി അകത്തിടുമെന്നും പറഞ്ഞു. രാത്രി മുഴുവനും വെള്ളം പോലും നൽകിയില്ല. തന്‍റെ വീട്ടിലും 

പരാതിക്കാരിയുടെ വീട്ടിലും എത്തിച്ച് പരിശോധന നടത്തി. എന്നിട്ടും സ്വർണം കണ്ടെത്തിയില്ല. പിറ്റേദിവസം രാവിലെ 8.30ന്  ഓമന ഡാനിയലും മകൾ നിഷയും സ്റ്റേഷനിലെത്തി കാണാതായ സ്വര്‍ണം വീട്ടിൽ നിന്ന് കിട്ടിയെന്ന് അറിയിച്ചു. അതിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. 

ENGLISH SUMMARY:

Woman Stripped and Searched on Theft Suspicion