ചരിത്രത്തിലാദ്യമായി വനിതാ അംഗങ്ങളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു മുസ്ലിം ലീഗ്. ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ദേശീയ അസിസ്റ്റന്‍റ് സെക്രട്ടറിമാരാക്കിയത്. എന്നാല്‍ ചരിത്രതീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ ഇരുവരുടേയും ഫോട്ടോ ഉണ്ടായിരുന്നില്ല. പേരുകള്‍ ഏറ്റവും അവസാനം ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ച് വച്ചിരുന്നു. ഇത് സമൂഹമാധ്യമത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ പോസ്റ്ററിലും ഫോട്ടോ വച്ചുകൂടെ എന്നായിരുന്നു ഭൂരിഭാഗം കമന്‍റുകളും. വിഷയത്തില്‍ പരിഹാസവുമായി ബിനീഷ് കൊടിയേരിയും എത്തിയിരുന്നു. പോസ്റ്ററിലെ പാറിപറക്കുന്ന ചിത്രശലഭങ്ങള്‍ അവര്‍ക്ക് പകരം വച്ചതാണെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പോസ്റ്റ്. ഇതിനെല്ലാം ഒടുവിലാണ് പുതിയ പോസ്റ്ററുമായി മുസ് ലിം ലീഗ് രംഗത്തെത്തിയത്.
പുതിയ പോസ്റ്ററില്‍ ഫാത്തിമ മുസാഫറിന്‍റെയും ജയന്തി രാജന്‍റെയും ചിത്രങ്ങളുണ്ട്. ആദ്യ പോസ്റ്റര്‍ ചെറുതായതിനാലാണ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് ലീഗ് ദേശീയ നേതൃത്വം നല്‍കുന്ന അനൗദ്യോഗിക വിശദീകരണം. നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നത് പുതിയ പോസ്റ്ററാണ്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജന്‍. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാവിഭാഗം സംസ്ഥാന പ്രസിഡന്‍റ് ആണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ലീഗ് ദേശീയ പ്രസിഡന്‍റ് ആണ് ഫാത്തിമ മുസാഫര്‍. ചെന്നൈ സ്വദേശിയാണ്.