സൈനികർക്കിവിടെ കൈയും വീശി കടന്നുവരാം. ഭക്ഷണം നൽകി വരവേൽക്കാൻ അബ്ദുൽ സലാമിൻറെ ചായക്കടയുണ്ട്. തൃശൂർ ചെറുതുരുത്തിയിലെ ഈ ചായക്കടയിൽ ഇന്ത്യയുടെ പോരാളികൾക്ക് എന്തും ഫ്രീയാണ്. കഫേ മക്കാനിയെന്നാണ് ആ ചായക്കടയുടെ പേര്.
‘ഇന്നലെയും നമ്മൾ സുഖമായി ഉറങ്ങി. നാളെയും നമ്മൾ സുഖമായി ഉറങ്ങും അതിനു കാരണം നാല് അതിരുകളിൽ വെയിലേറ്റ്, മഞ്ഞേറ്റ്, മഴ നനഞ്ഞ്, വിശപ്പറിഞ്ഞ് കാവൽ നിൽക്കുന്ന നമ്മുടെ ധീര ജവാന്മാരാണ് ആദരിക്കുക ബഹുമാനിക്കുക സ്നേഹിക്കുക പ്രാർഥനകളിൽ ധീര ജവാന്മാരെയും കുടുംബത്തെയും ഉൾപ്പെടുത്തുക’ കഫേ മക്കാനിയുടെ ചുവരില്‍ എഴുതിവച്ചിരിക്കുന്നതാണ്.
നമ്മൾ ഓർക്കാത്തതും നമ്മൾ അറിയാത്തതുമായ അതിർത്തികളിൽ സംഘർഷം ഉണ്ടാകുമ്പോൾ മാത്രം നാം ശ്രദ്ധിക്കാറുള്ള സൈനികർക്കായി തന്‍റെ കടയുടെ ചുവരിൽ അവർക്കായി വെറും സാധാരണക്കാരനായ കടയുടമ അബ്ദുൽ സലാം എഴുതിയിരിക്കുന്നതാണ് ഇത്. ദേശസ്നേഹം പലരെയും പോലെ വാക്കുകളിൽ മാത്രമല്ല അബ്ദുൽ സലാം പ്രകടിപ്പിക്കുന്നത്, പ്രവൃത്തിയിലുമുണ്ട്. സൈനികർക്ക് ഭക്ഷണം കഴിക്കാൻ കടയിൽ ഒരു പ്രത്യേക ഭാഗം തന്നെയുണ്ട്, ‘ഇറ്റ്സ് റിസർവ്ഡ് ഫോർ ഇന്ത്യൻ ആർമി ഫോഴ്സ്’.
അബ്ദുൽ സലാമിൻറെ ഈ ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കുട്ടിക്കാലം മുതലുള്ളതാണ്. കഫെ സന്ദർശിക്കാനും ഭക്ഷണം കഴിക്കാനുമായി നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. അക്കൂട്ടത്തിൽ സൈനികരുമുണ്ട്. അവരെ ബഹുമാനിക്കാനും അംഗീകരിക്കാനും സലാം പറയാനും തനിക്കു കഴിയുന്ന വഴി അബ്ദുൽ സലാം തിരഞ്ഞെടുത്തുവെന്നു മാത്രം. അതിലൂടെ അദ്ദേഹം സൈനികരെ ഓർക്കുകയും , ആദരിക്കുകയും ചെയ്യുന്നു. മാത്രമല്ല, അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിന്നു. അതിലൂടെ യഥാർഥ രാജ്യസ്നേഹമെന്തെന്ന് മറ്റുള്ളവരെ പഠിപ്പിക്കുന്നു.