കോഴിക്കോട് താമരശേരിയില്‍ ലഹരി ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മര്‍ദിച്ച അമ്പായത്തോട് സ്വദേശി നൗഷാദ് അറസ്റ്റില്‍. പ്രതിയുടെ പീഡനം സഹിക്കാനാകാതെ വീട് വിട്ടിറങ്ങിയ യുവതിയെയും മകളെയും നാട്ടുകാരാണ് പുലര്‍ച്ചെ ആശുപത്രിയിലാക്കിയത്. നിരന്തര മര്‍ദനത്തില്‍ മാനസികനില പോലും താളം തെറ്റിയെന്ന് യുവതി പറഞ്ഞു.
അമ്പായത്തോടിലെ വീട്ടില്‍ നിന്നാണ് നൗഷാദിനെ പൊലിസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇന്നലെ രാത്രിയാണ് നൗഷാദ് മദ്യവും മറ്റ് ലഹരിമരുന്നുകളും ഉപയോഗിച്ച് ഭാര്യ നസ്ജയെ ക്രൂരമായി മര്‍ദിക്കാന്‍ ആരംഭിച്ചത്. പീഡനം സഹിക്കാനാകാതെ വന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ നസ്ജ മകളുമായി വീട് വിട്ടിറങ്ങി. ജീവനൊടുക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് യുവതിയെയും മകളെയും ആശുപത്രിയിലാക്കിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ എട്ടുവയസുകാരിയായ മകള്‍ക്ക് തേനീച്ച കുത്തേറ്റത്. ദിവസങ്ങള്‍ നീണ്ട ചികില്‍സയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് മെഡിക്കല്‍ കോളജില്‍ നിന്ന് അമ്മയും മകളും വീട്ടിലെത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഉപദ്രവം.
നൗഷാദ് മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിക്കുന്നതും കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് മക്കളെയോര്‍ത്ത് ഇത്രയും കാലം ക്ഷമിച്ചെങ്കിലും ഇനി നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നസ്ജ ഉറച്ച ശബ്ദത്തില്‍ പറയുന്നു.