മിഠായിയിലും ബിസ്ക്കറ്റിലും ക്രീംബെണ്ണിലും രാസലഹരി കലർത്തി കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നു യുവതികൾ കസ്റ്റംസിൻ്റെ പിടിയിലായി. 34 കിലോ ഹൈബ്രിഡ് കഞ്ചാവ് അടക്കം 40 കോടിയുടെ ലഹരി വസ്തുക്കളാണ് കസ്റ്റംസ് പിടികൂടിയത്. രാജ്യാന്തര ബന്ധമുള്ള ലഹരി മാഫിയുടെ ഭാഗമാണ് പിടിയിലായ തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള യുവതികൾ എന്നാണ് നിഗമനം.
തായ്‌ലൻഡിൽ നിന്നെത്തിയ എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരായ ചെന്നൈ സ്വദേശി റാബിയത്ത് സൈദു സെയ്നുദീൻ (40), കോയമ്പത്തൂർ സ്വദേശി കവിത രാജേഷ് കുമാർ (40), തൃശ്ശൂർ സ്വദേശി സിമി ബാലകൃഷ്ണൻ (39) എന്നിവരാണ് പിടിയിലായത്. മൂന്നുപേരുടെയും ലഗേജ് പരിശോധിച്ചപ്പോഴാണ് 15 കിലോ തൂക്കമുള്ള ലഹരി കലർത്തിയ ചോക്ലേറ്റും ബിസ്കറ്റും ക്രീംകേക്കും കണ്ടെത്തിയത്. രാസ ലഹരി കലർത്തിയ ഈ ഭക്ഷണ വസ്തുക്കൾക്ക് കോടികളാണ് വില കണക്കാക്കുന്നത്.
എയർ കസ്റ്റംസ് ഇൻറലിയൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കരിപ്പൂരിൽ പരിശോധന ശക്തമാക്കിയത്. വായു കയറാത്ത വിധം പാക്ക് ചെയ്ത 34 കിലോ ഹൈബ്രിഡ് കഞ്ചാവും മൂന്നുപേരുടെയും ബാഗേജിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൻ്റെ ടെർമിനലിൽ നിന്ന് യുവതികൾ ഇറങ്ങുബോൾ ലഹരി വസ്തുക്കൾ ഏറ്റുവാങ്ങാൻ പുറത്ത് മറ്റൊരു സംഘം കാത്തിരുന്നു എന്നാണ് വിവരം. കരിപ്പൂർ വഴി കടത്തിയ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. കരിപ്പൂർ വഴി കോടികളുടെ കഞ്ചാവ് വിദേശത്ത് നിന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.