അവധിക്കാലത്ത് കുട്ടികള്‍ക്ക് ബാറ്റും ബോളും കൊടുത്ത് 'മനുഷ്യരായി വളരട്ടെ' കളിക്കത്തിലേക്ക് വാ എന്ന് പറഞ്ഞ് സ്നേഹത്തോടെ വിളിച്ച ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത പങ്കുവച്ച വിഡിയോ സൈബറിടത്ത് വൈറലായിരുന്നു. കുട്ടികൾക്കുള്ള കളിസാധനങ്ങൾ മെത്രാപ്പൊലീത്ത തന്നെ നേരിട്ട് കടയിൽ പോയി വാങ്ങുകയായിരുന്നു. മതവും രാഷ്ട്രീയവും വല്ലാതെ കളിക്കുന്ന കാലത്ത് മനുഷ്യരായി ഇടപഴകാന്‍ കുട്ടികള്‍ക്കെങ്കിലും കഴിയട്ടെയെന്നാണ് അന്ന് വിഡിയോ പങ്കിട്ട് മെത്രാപ്പൊലീത്ത പറഞ്ഞത്.
ഇപ്പോഴിതാ സ്കുള്‍ തുറക്കുന്ന വേളയില്‍ കുട്ടികള്‍ക്ക് കൈതാങ്ങായി എത്തിയിരിക്കുകയാണ് സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത. ‘ഗോ ടു യുവർ ക്ലാസസ്’ എന്ന പേരിൽ അർഹരായ കുട്ടികൾക്ക് 10 രൂപയ്ക്ക് സ്കൂൾ ബാഗ് നൽകാൻ ആരംഭിക്കുന്ന പദ്ധതിയുടെ പിന്നിലെ കഥ ഇങ്ങനെയാണ്.
‘ഓരോരോ അനുഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ ചിലപ്പോൾ നിനക്ക് ആവർത്തന വിരസത തോന്നാം. പക്ഷെ, ചിലത് മനസ്സിൽ കിടന്ന് വല്ലാതെ തികട്ടും. ഒടുവിലത് കടലാസിൽ പെറും. കുറെ മാസങ്ങൾക്ക് മുമ്പാണ്. നെടുങ്കണ്ടം പള്ളിയിൽ നിന്ന് അന്ന് മടങ്ങുമ്പോൾ കുറെ കുട്ടികൾ വട്ടം കൂടി. ഒരുത്തന്റെ സൺഡേസ്കൂൾ നോട്ടുബുക്കിന്റെ അവസാന താളിൽ ഒരൊപ്പിട്ടു കൊടുക്കണമത്രേ! നമ്മുടെ old Autograph. ഒരൊപ്പിട്ട ഓർമ്മയേയുള്ളു. പിന്നെ മുപ്പതോളമെണ്ണം ഇട്ടിട്ടാണ് വണ്ടി കേറ്റിയത്. ശരിക്കും Twist ഇവിടെയല്ല.പിന്നെയും ഒരിടവേളയ്ക്ക് ശേഷം ഇടവക സന്ദർശനത്തിന് അവിടെയെത്തിയപ്പോൾ വികാരിയച്ചൻ പറഞ്ഞ വാക്കിലാണ് കഥ മാറുന്നത്.അച്ചൻ ഒരു വീട്ടിലെത്തിയപ്പോൾ തേക്കാത്ത ചുവരിൽ ഗിൽറ്റ് പേപ്പർ ചുറ്റും ഒട്ടിച്ച ഒരു ഇരട്ടവരയൻ പുസ്തകത്താൾ തിളങ്ങി നിൽക്കുന്നു. സത്യമായും അത് നമ്മളൊപ്പിട്ട കടലാസു കീറ്റാണെന്ന അറിഞ്ഞ നിമിഷമൊണ്ടല്ലോ സാറേ... പിന്നെ ചുറ്റുമുള്ളതൊന്നും ഓർക്കാനേ കഴിഞ്ഞില്ല. ശരിക്കും ഈ സ്നേഹത്തിനെന്താ പകരം നൽകക? അന്നാപ്പിന്നെ സ്കൂൾ തുറക്കട്ടെ എന്ന് കരുതി. എന്തേലും കൊടുത്താൽ എന്റെ പിള്ളാർക്കെല്ലാം കൊടുക്കണം.ഇല്ലെങ്കിൽ അടുത്ത ക്യാമ്പിന് അതുങ്ങള് അരമന തിരിച്ചു വെയ്ക്കും. അതുകൊണ്ട് സൺഡേ സ്കൂൾ പ്രസ്ഥാനം വഴി അദ്ധ്യാപകർ തെരഞ്ഞെടുത്ത് നൽകിയ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസിലെ ആവശ്യക്കാരായ എല്ലാ കുട്ടികൾക്കും പുത്തൻ ബാഗ് നൽകാം എന്ന് നിശ്ചയിച്ചു. തോട്ടം മേഖലയുൾപ്പെട്ടതിനാൽ ബാഗ് വേണ്ടവരുടെ എണ്ണം നല്ല കൂടുതൽ വന്നു. നേരെ കിറ്റെക്സ് വരെ പോയി. ബോബി സാറും ജെഫും നേരിട്ട് ഇടപെട്ടത് കൊണ്ട് തരക്കേടില്ലാതെ സ്കൂബീ ഡേ ഉറപ്പിച്ചു. കളി കഴിഞ്ഞ് ഇനി നന്നായി പഠിക്കട്ടെ നമ്മുടെ പിള്ളേര്. NB:ബാഗ് വെറുതയല്ല കേട്ടോ. ബാഗൊന്നിന് 10 രൂപാ വില തരണം. 10 രൂപാ. Then Go To Your Classes.’
ഒരു ഓട്ടോഗ്രാഫില്‍ പിറന്ന ഹൃദയഹാരിയായ ഒരു സംഭവത്തില്‍ നിന്ന് ഒരു കൂട്ടം കുഞ്ഞുങ്ങള്‍ക്ക് സഹായകമാവുന്ന ഹൃദ്യമായ പരിപാടിക്കാണ് സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത വഴിയൊരുക്കുന്നത്.