വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടും വീടും വിട്ടെത്തിയ ഒരുപാട് ജീവിതങ്ങളുണ്ട് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലും സാമൂഹ്യക്ഷേമ വകുപ്പിന്‍റെ പുനരധിവാസകേന്ദ്രങ്ങളിലും. മാനസികവെല്ലുവിളിയും ജീവിതസാഹചര്യവും കാരണം ഉറ്റവരുടെ അടുത്തേക്ക് ഇനി തിരിച്ചുപോക്കില്ലെന്ന് കരുതിയ ജീവിതകള്‍. ഇവരിലെ അവശേഷിക്കുന്ന ഓര്‍മകളിലെ കുഞ്ഞുസൂചനകളില്‍ നിന്ന് രക്തബന്ധങ്ങളെ വീണ്ടും കൂട്ടിച്ചേര്‍ക്കുകയാണ് കോഴിക്കോട് കോട്ടൂളി സ്വദേശി എന്‍.ശിവന്‍. ഒമ്പതുവര്‍ഷത്തിനിടെ ശിവന്‍ കുടുംബങ്ങളിലേക്ക് തിരികെയെത്തിച്ചത് 380 പേരെയാണ്.
കോഴിക്കോട് കലക്ടറായിരുന്ന എന്‍ .പ്രശാന്ത് ആണ് ശിവനോട് ഹോമുകളിലുള്ളവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള സഹായം ചോദിക്കുന്നത്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലും സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ ഹോമുകളിലുമായി ബന്ധുകളില്ലാത്ത അന്തേവാസികളുടെ എണ്ണം കൂടിയതോടെയായിരുന്നു ഇത്. ഹോമുകളില്‍ പുതിയതായി ആളുകളെ താമസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ. മാനസികവെല്ലുവിളി നേരിടുന്നവരില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ച് ഇത്തരം ആളുകളെ തിരികെ കുടുംബങ്ങളിലേക്ക് എത്തിക്കുന്ന വെല്ലുവിളി ശിവന്‍ ഏറ്റെടുത്തു. അന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടായിരുന്ന ഡോ.എന്‍.രാജേന്ദ്രന്‍ ആണ് ശിവന്‍റെ കാര്യം കലക്ടറെ അറിയിച്ചത്.
ഐബി ഓഫീസറുടെ പരിചയവൈഭവം
ഇന്‍റലിജന്‍സ് ബ്യൂറോയില്‍ ഓഫീസറായിരുന്നു ശിവന്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജോലി ചെയ്തിരുന്നു. ഇതോടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു, ആസാമീസ് തുടങ്ങി അഞ്ച് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. മറ്റുസംസ്ഥാനങ്ങളിലുള്ള അന്തേവാസികളുമായി ആശയവിനിമയം നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് അടക്കം ഭാഷ വെല്ലുവിളിയായിരുന്നു. പലപ്പോഴും ബന്ധുകളെ കണ്ടെത്താന്‍ കഴിയാതെ പോവുന്നതിന്‍റെ പ്രധാനകാരണവും ഇതായിരുന്നു. മാനസികവെല്ലുവിളി നേരിടുന്ന പലര്‍ക്കും ഏതെങ്കിലും ഓര്‍മകള്‍ അവശേഷിക്കുമെന്നാണ് ശിവന്‍ പറയുന്നത്. ദിവസങ്ങളും മാസങ്ങളുമെടുത്താണ് ഒരു ചെറിയ സൂചന ലഭിക്കുക. ഈ സൂചനകളെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിനൊടുവിലാവും അന്യമെന്ന് കരുതുന്ന സമാഗമങ്ങള്‍ ഉണ്ടാവുക. ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് കുടുംബാംഗങ്ങളെ കണ്ടെത്തുന്നത്
പ്രതിഫലം പുഞ്ചിരി
ഒരാളെ തിരികെ കുടുംബത്തിലേക്ക് പറഞ്ഞയക്കുന്നതിന് ഒത്തിരി വെല്ലുവിളികളുണ്ടെന്ന് ശിവന്‍ പറയുന്നു. 50 വയസിന് മുകളിലേക്കുള്ളവരാണ് ഹോമുകളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും. പലരും കുഞ്ഞുനാളില്‍ വീടുവിട്ടിറങ്ങിയവര്‍. പല നാടുകളില്‍ അലഞ്ഞുതിരിഞ്ഞും ലഹരിക്കടിമയായും മറ്റും ഓര്‍മകള്‍ നഷ്ടപ്പെട്ടവര്‍. ഇങ്ങനെയുള്ളവര്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിക്കണം. പലരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടാവില്ല. സഹോദരങ്ങള്‍ക്ക് അറിയാവുന്നത് മിക്കപ്പോഴും വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുവിട്ടുപ്പോയ സഹോദരന്‍ ഉണ്ടായിരുന്നുവെന്ന് മാത്രമായിരിക്കും. ഇത്തരക്കാരെ പറഞ്ഞുമനസിലാക്കി വേണം അന്തേവാസിയെ ഏറ്റെടുപ്പിക്കാന്‍. അമ്മയെ ഏറ്റെടുക്കാന്‍ ഉന്നതദ്യോഗസ്ഥരായ മക്കള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച കഥയും ശിവന് പറയാനുണ്ട്. പക്ഷേ വളരെ സ്നേഹത്തോടെ സഹോദരങ്ങളെ തിരിച്ച് കുടുംബങ്ങളിലേക്ക് കൊണ്ടുപോവുന്നവരുമുണ്ട്. ഈ ജീവിതത്തില്‍ ഇനി തിരിച്ചുലഭിക്കില്ലെന്ന് കരുതിയ രക്തബന്ധങ്ങള്‍ വീണ്ടും സമാഗമിക്കുമ്പോള്‍ ശിവന് കണ്ണീരില്‍ നിറഞ്ഞ പുഞ്ചിരി സമ്മാനിക്കും പലരും. അതാണ് ഈ സേവനത്തിനുള്ള ശിവന്‍റെ പ്രതിഫലം.