അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എംജി കണ്ണന് പക്ഷാഘാതം ഉണ്ടായത് 42ാം ജന്മദിനമായ ശനിയാഴ്ച ഉച്ചയ്ക്ക്. തലേദിവസം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചിരുന്നു. അന്നുതന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആന്റോ ആൻറണി എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും മുഴുവൻ സമയവും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ആയിരുന്നു മരണം.
2021ൽ അടൂരിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ പ്രചാരണം കഴിഞ്ഞ് രാത്രി വൈകി കിടന്നാലും പുലർച്ചെ പത്തനംതിട്ട സ്റ്റേഡിയത്തിൽ വ്യായാമത്തിന് എത്തിയിരുന്നു. സ്റ്റേഡിയത്തിലെ ആ ഓട്ടത്തിന്റെ കരുത്തിലാണ് ഒരിക്കൽ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക കാറിനെ അതിവേഗം ഓടി പിന്തുടർന്ന് കരിങ്കൊടി കാട്ടിയത്. പിന്നാലെ ഓടിയ പൊലീസുകാർക്കൊന്നും കണ്ണനെ അന്ന് ഓടി പിടിക്കാനായില്ല.
2022ൽ മുഖ്യമന്ത്രിക്കെതിരെ നടത്തിയ കലക്ടറേറ്റ് മാർച്ചിലാണ് പൊലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയത്. തലയ്ക്ക് അടിയേറ്റ് ചോര വാർന്ന് ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞു. പിന്നെയും പല സമരങ്ങളിലും പോലീസ് മർദ്ദനമേറ്റു. തുടർച്ചയായി രണ്ടുവട്ടം കണ്ണൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ആയിരുന്ന കാലത്തായിരുന്നു കരുത്തുറ്റ സമരങ്ങൾ. മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലും കരിങ്കൊടി പ്രതിഷേധവുമായി എം ജി കണ്ണൻ മുൻനിരയിൽ ഉണ്ടായിരുന്നു.