ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ ജനിച്ചും വളര്‍ന്നും തൗസീഫാ ഖാതൂന്‍ കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലെത്തിയത്. ഒന്‍പതാം ക്ലാസുവരെ ബിഹാറിലായിരുന്നു പഠനം. പിന്നീട് കോഴിക്കോട് വട്ടോളി സംസ്കൃതം ഹൈസ്കൂളില്‍ പത്താം ക്ലാസില്‍ ചേര്‍ന്ന തൗസീഫാ, എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയമാണ് കരസ്ഥമാക്കിയത്. ഒന്‍പത് എപ്ലസും ഒരു എയും കരസ്ഥമാക്കിയ തൗസീഫാ, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും അഭിമാനമായി.
വിദ്യാലയം മാറിയതോ ഭാഷാപരിചയക്കുറവോ പാഠപുസ്തകങ്ങളുടെ പുതുമയോ തൗസീഫയുടെ പഠനത്തെ ബാധിച്ചില്ല. ക്ലാസിലെ ഏറ്റവും മിടുക്കിയായ തൗസീഫയ്ക്ക് ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും. ഈ ഭാഷകളില്‍ നന്നായി പ്രസംഗിക്കാനും ഉപന്യാസം എഴുതാനും അവളര്‍ക്കറിയാം. അറബിക് ആയിരുന്നു ഫസ്റ്റ് ലാംഗ്വേജ്. ഈ വര്‍ഷത്തെ ജില്ലാ കലോത്സവത്തില്‍ ഹിന്ദി പ്രസംഗത്തില്‍ എ ഗ്രേഡും നേടി.
പത്താം ക്ലാസില്‍ കേരളത്തില്‍ പഠിക്കുമ്പോള്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സ്കൂളിലെ പ്രധാന അധ്യാപികയും മറ്റ് അധ്യാപകരും നല്‍കിയ പൂര്‍ണ പിന്തുണയാണ് ഈ മിന്നും വിജയത്തിനു പിന്നിലെന്നാണ് തൗസീഫാ പറയുന്നത്. ഹയര്‍ സെക്കണ്ടറിയും കേരളത്തിലായി തുടരാനാണ് തൗസീഫയുടെ ആഗ്രഹം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് തൗസീഫയുടെ പിതാവ് മുഹമ്മദ് സിയാവുല്‍ ഹഖും മാതാവ് മിനാരാ ഖാതൂനും കേരളത്തിലെത്തിയത്. തെങ്ങ് കയറ്റമാണ് ഇവരുടെ ഉപജീവനമാര്‍ഗം.
കോഴിക്കോട് നാദാപുരം–കുമ്മങ്കോട് വാടക വീട്ടിലാണ് താമസം. പരീക്ഷയ്ക്ക് ശേഷം കുടുംബ സമേതം ബിഹാറിലാണ്. പരീക്ഷയിലെ തിളക്കമുള്ള വിജയം അറിഞ്ഞതോടെ തൗസീഫ അധ്യാപകര്‍ക്ക് ഫോണിലൂടെ സന്തോഷം പങ്കുവെച്ചിരുന്നു. ഉടന്‍ തന്നെ കേരളത്തിലേക്ക് മടങ്ങും എന്ന് പിതാവ് പറയുന്നു. മുഹമ്മദ് സിയാവുല്‍ ഹഖിന്റെയും മിനാരാ ഖാതൂന്റെയും എട്ടു മക്കളില്‍ ഏറ്റവും മൂത്തയാളാണ് തൗസീഫാ ഖാതൂന്‍.