2021 ഏപ്രില്‍ മാസം, തിരഞ്ഞെടുപ്പ് ചൂടിന്‍റെ അവസാന ലാപ്പില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് പിടിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു സ്ഥാനാര്‍ഥികളും മുന്നണികളും. എന്നാല്‍ അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്‍ വണ്ടികയറിയത് തിരുവന്തപുരത്തേക്കാണ്. നേതാക്കന്‍മാരെ കാണാനല്ലാ, തന്‍റെ ജീവന്‍റെ തുടിപ്പായ മകനെ കൊണ്ട് ആര്‍സിസിയിലേയ്ക്ക്.
അർബുദം ബാധിച്ച മകനായ ശിവകിരണിന്റെ ചികിത്സക്കായി തലസ്ഥാനത്തെ റീജ്യണൽ കാൻസർ സെൻററിലേക്കാണ് കണ്ണനും ഭാര്യ സുജിതമോളും എത്തിയത്. നാലുവർഷമായി ശിവകിരൺ ചികിൽസയിലായിരുന്നു,‘ഇടവിട്ടുള്ള പരിശോധന മുടക്കാൻ കഴിയില്ല. RCCയിൽ പോകുമ്പോൾ താനും ഒപ്പമുണ്ടാകണം എന്ന് മകൻ നിർബന്ധമാണ്, കണ്ണൻ കണ്ണീരോടെ അന്ന് പറഞ്ഞു. പൊതുപ്രവർത്തകനായതിനാൽ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാതെ പോയിരുന്നെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ഈ അവസ്ഥയിൽ അവനൊപ്പം ഞാൻ ഉണ്ടാകണം എന്ന് തോന്നി. ഞാൻ അവനെ കൂടുതൽ സ്നേഹിക്കുന്നു, കണ്ണന്‍ അന്ന് പറഞ്ഞ വാക്കാണ്.
ആ മനുഷ്യന്‍ അങ്ങനെയായിരുന്നു, സ്നേഹമായിരുന്നു അയാളുടെ രാഷ്ട്രിയം. അതുകൊണ്ട് തന്നെയാണ് ആ നാട് അയാളെ ചേര്‍ത്ത് നിര്‍ത്തിയത്. ‘അർബുദ ബാധിതനായ മകനെ തോളിലിട്ട് തിരുവനന്തപുരം ആർസിസിയിലേക്ക് നടന്നുപോകുന്ന കണ്ണന്റെ മുഖമാണ് ഇപ്പോഴും മനസ്സിൽ. അന്ന് അടൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു കണ്ണൻ. ആശുപത്രിയിലേക്ക് അച്ഛനും വരണമെന്ന ആ ഒമ്പത് വയസ്സുകാരന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കണ്ണൻ അവനെ ചേർത്തുപിടിച്ച് ആർസിസിയിലേക്ക് നടന്നുനീങ്ങിയപ്പോൾ ഈ നാടും ഒപ്പമുണ്ടായിരുന്നു.
പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും ക്ഷീണമില്ലാതെ രാപ്പകൽ ഓടിനടക്കുമായിടുന്നു കണ്ണൻ. ഏത് പ്രവർത്തകനും ഏതർധരാത്രിയിലും എന്ത് പ്രശ്നമുണ്ടായാലും അവിടെ ഓടിയെത്താൻ കണ്ണനുണ്ടായിരുന്നു.’ കണ്ണനെ അനുസ്മരിച്ച് കെസി വേണുഗോപാല്‍ കുറിച്ചത് ഇങ്ങനെയാണ്.
പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ചെന്നീര്‍ക്കര മാത്തൂര്‍ സ്വദേശിയായ കണ്ണന്‍ രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണൻ പൊതുരംഗത്തെത്തിയത്.