അടിമുടി തനി കോണ്‍ഗ്രസുകാരന്‍, സ്നേഹം കൊണ്ടുള്ള രാഷ്ട്രിയ പ്രവര്‍ത്തനം, പാര്‍ട്ടിക്കപ്പുറം നാടിന് പ്രിയപ്പെട്ടവന്‍ അതായിരുന്നു എം ജി കണ്ണന്‍. കോണ്‍ഗ്രസ് നേതാക്കളുടെയും അണികളുടെയും പേജില്‍ നിറയെ എം ജി കണ്ണനെ പറ്റിയുള്ള ഓര്‍മകളാണ്. ഇന്നലെയായിരുന്നു എം ജി കണ്ണന്‍റെ ജന്മദിനം, അതിന് തലേന്ന് തന്‍റെ പ്രിയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാത്ഥിച്ചു. പുതുപ്പള്ളിയിൽ പോകണം സാറിനെ കാണണം എന്ന് നേരത്തേ ഭാര്യയോട് കണ്ണന്‍ പറഞ്ഞിരുന്നു, പുതുപ്പള്ളിയിലെത്തി കല്ലറ സന്ദര്‍ശിക്കുന്ന വിഡിയോ പങ്കുവച്ച് അഡ്മിന്‍ ടീം പറയുന്നു.
‘മെയ്10 ജന്മദിനം ആയിരുന്നു, അന്ന് പുതുപ്പള്ളിയിൽ പോകണം സാറിനെ കാണണം എന്ന് നേരത്തേ ചേച്ചിയോട് പറഞ്ഞു... ഒരു ദിവസം മുമ്പ് ഒമ്പതാം തിയതി പുതുപ്പള്ളിയിൽ ചേച്ചിയേം മക്കളെയും കൂട്ടി പോയി. ഇന്നലെ അസുഖബാധിതനായി...ഇന്ന് എല്ലാവരെയും ഒറ്റക്കാക്കി അങ്ങ് പോയി ’ ടീം അഡ്മിന്‍റെ വാക്കുകള്‍.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. ശനിയാഴ്ച കണ്ണന്റെ ജന്മദിനമായിരുന്നു. അന്നു രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരുമലയിലും പ്രവേശിപ്പിക്കുകയായിരുന്നു.ചെന്നീർക്കര മാത്തൂർ മേലേടത്ത് വീട്ടിൽ ഗോപിയുടെയും ശാന്തമ്മയുടെയും മകനാണ്. എം.ജി.കണ്ണൻ 2010, 2015 വർഷങ്ങളിലായി 2 തവണ ജില്ലാ പഞ്ചായത്തംഗവും 2005ൽ ചെന്നീർക്കര പഞ്ചായത്ത് അംഗവുമായിരുന്നു. ഇലന്തൂർ, റാന്നി അങ്ങാടി ഡിവിഷനുകളിൽ നിന്നായിരുന്നു ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. ഇടക്കാലത്ത് ആക്ടിങ് പ്രസിഡന്റായി. രണ്ടു തവണ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. കെഎസ്‌യുവിലൂടെയാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കം.ഭാര്യ: സജിത മോൾ. മക്കൾ: ശിവകിരൺ, ശിവഹർഷ്. തിങ്കളാഴ്ച രാവിലെ പരുമലയിൽ നിന്ന് വിലാപയാത്രയായി മൃതദേഹം 9ന് അടൂർ ഗാന്ധി മൈതാനത്തെത്തിക്കും, തുടർന്ന് 11ന് പത്തനംതിട്ട ഡിസിസി, ഒന്നിന് മഞ്ഞനിക്കര വാലുതറയിലുള്ള ഭാര്യാ വസതിയിൽ, 2ന് മാത്തൂർ ഗവ.യുപി സ്കൂൾ എന്നിവിടങ്ങളിൽ പൊതു ദർശനത്തിനു ശേഷം 3.45നു മാത്തൂരിലെ വീട്ടിലെത്തിക്കും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, ആന്റോ ആന്റണി, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ അനുശോചിച്ചു.