മുടി ജീവനില്ലാത്ത കോശങ്ങളാണെന്ന് ഡോക്ടര്‍മാര്‍ പഠിക്കും. ജീവന്‍റെ സൗന്ദര്യം മുടിയിഴകളിലാണെന്ന് കവി പാടും. ഡോക്ടറായ നീനയ്ക്ക് രണ്ടും നന്നായി അറിയാം. എങ്കില്‍പ്പോലും മുടിയില്ലാത്ത ജീവിതത്തോട് അവള്‍ക്ക് ആദ്യം മടുപ്പ് തോന്നി. പക്ഷേ ജീവിക്കണമെങ്കില്‍ മുടിയുടെ സൗന്ദര്യം ഉപേക്ഷിക്കണമെന്ന ബോധം അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. അതിനു കാരണമാകട്ടെ നീനയുടെ അമ്മ തന്നെയാണ്. ഈ മാതൃദിനത്തില്‍ ആ സംഭവം ഇങ്ങനെ.
രണ്ട് വര്‍ഷം മുന്‍പായിരുന്നു അത്. എറണാകുളത്തെ ഒരു സ്വകാര്യ ക്ലിനികില്‍ ഡെന്‍റിസ്റ്റ് ആണ് കോഴിക്കോട് മുക്കം സ്വദേശി ഡോ. നീനാ മുനീര്‍. ജീവിതത്തെ പോസിറ്റീവ് ആയി കണ്ടിരുന്ന യുവതി. ഒരു ദിവസം സെക്കന്‍റ് ഷോ കണ്ടു മടങ്ങും വഴിയാണ് നെഞ്ചിലൊരു വേദന അനുഭവപ്പെട്ടത്. പിറ്റേദിവസം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തി. ഹൃദയത്തോട് ചേര്‍ന്ന് തൈമസ് ഗ്ലാന്‍ഡില്‍ ഒരു ട്യൂമര്‍ കണ്ടെത്തുകയും അര്‍ബുദബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ശസ്ത്രക്രിയ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും നാലു മാസം കൂടിയേ ആയുസ്സുണ്ടാകൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോശങ്ങളെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തെ തല്‍ക്കാലത്തേയ്ക്കെങ്കിലും കീഴടക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് കീമോതെറാപ്പിയാണ്. അനവധി പ്രത്യാഘാതങ്ങളുള്ള കീമോതെറാപ്പിയില്‍ മുടി നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ പക്ഷേ, ഡോക്ടറാണെങ്കിലും നീനയ്ക്ക് സഹിക്കാന്‍ പറ്റിയില്ല. വിഗ് വെയ്ക്കണമെന്നുണ്ടെങ്കില്‍ മുടി നേരത്തെ എടുത്തുവെച്ചോളൂ എന്ന് ഡോക്ടര്‍ പറഞ്ഞു.നീനയ്ക്ക് അസുഖത്തിന്‍റെ തീവ്രത അനുഭവപ്പെട്ടത് മുടി മുറിച്ചപ്പോഴാണ്. രോഗവിവരം അറിഞ്ഞതിനു ശേഷം എല്ലാവരും നീനയെ ആദ്യമായി കരഞ്ഞു കണ്ടത് മുടി മുറിച്ചപ്പോഴായിരുന്നു. ആദ്യത്തെ കീമോയ്ക്കു ശേഷം തന്നെ മുടി മുഴുവന്‍ കൊഴിഞ്ഞു.
ശരീരം മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടടര്‍ നീനയോട് ചോദിച്ചു നമുക്ക് ശസ്ത്രക്രിയ നടത്തിയാലോ?. ജീവിക്കാനുള്ള ആഗ്രഹത്തില്‍ അവള്‍ ക്യാന്‍സറിനോട് പോരാടാന്‍ തന്നെ തീരുമാനിച്ചു. വളരെ സങ്കീര്‍ണത നിറഞ്ഞ ശസ്ത്രക്രിയയില്‍ ഒരു തവണ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. പക്ഷേ എങ്ങനെയോ ഡോക്ടര്‍മാര്‍ നീനയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. പക്ഷേ മൂന്നു മാസം കഴിഞ്ഞു നടത്തിയ ബയോപ്സിയില്‍ അര്‍ബുദ കോശങ്ങളടങ്ങിയ ഒരു സ്ട്രാന്‍ഡ് കൂടി കണ്ടെത്തി. അത് നേരത്തെ ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനാലാണ് അത് അപ്പോള്‍ എടുക്കാതിരുന്നത്. അതിനാല്‍ ഒരു തവണ കൂടി കീമോ എടുക്കണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. നീന ശരിക്കും തളര്‍ന്നു പോയി. കാരണം മൂന്നു മാസം കൊണ്ട് മുടി എല്ലാം തിരിച്ചു വന്നിരുന്നു. ഇനി വീണ്ടും മുടി നഷ്ടമാകുന്നതിനെക്കുറിച്ച് അവള്‍ക്ക് ചിന്തിക്കാനേ പറ്റില്ലായിരുന്നു. ഡോക്ടറും കൂടെ നിന്നവരുമൊക്കെ ആശ്വസിപ്പിച്ചു. മുടിയേക്കാള്‍ ജീവനല്ലേ വലുതെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിച്ചു.
മുടി നഷ്ടപ്പെട്ടതോടെ എല്ലായിടത്തു നിന്നും നീന സ്വയം ഉള്‍വലിഞ്ഞു. അപ്പോഴാണ് നീനയുടെ അമ്മ സോഫിയ കൈത്താങ്ങായത്. സോഫിയാ നീനയോടു പറഞ്ഞു. ''നീയിങ്ങനെ മുടി മൊട്ടയടിക്കുന്നത് വലിയ കാര്യമായി കാണുന്നതെന്തിനാ. ഒരു കാര്യം ചെയ്യാം ഞാനുംകൂടി തല മൊട്ടയടിക്കാം. അപ്പോള്‍ നിന്നെ മാത്രമല്ലല്ലോ, നമ്മള്‍ രണ്ടു പേരെയും ആളുകള്‍ ഒരുമിച്ചല്ലേ നോക്കൂ. നമുക്ക് രണ്ടു പേര്‍ക്കും ഒരു ഫാഷനബിളായി നടക്കാം. തല മൊട്ടയടിക്കുമെന്ന് സോഫിയ തമാശയ്ക്ക് പറഞ്ഞതാണെന്നാണ് നീന വിചാരിച്ചിരുന്നത്. പക്ഷേ പാര്‍ലറില്‍ ആദ്യം മുടി മുറിക്കാനായി ഒരുങ്ങിയിരുന്നത് സോഫിയ തന്നെയായിരുന്നു. തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന അമ്മയെക്കുറിച്ച് നീന ഇങ്ങനെ പറയുന്നു. രോഗം വന്നാല്‍ ചുറ്റുമുള്ളവര്‍ക്ക് വാക്കുകള്‍ക്കൊണ്ട് ആശ്വസിപ്പിക്കാനാവും. പക്ഷേ പ്രവൃത്തിയിലൂടെ അമ്മ എനിക്കൊപ്പം നിന്നു.
സോഫിയയ്ക്കും പറയാനുണ്ട്. മരിച്ചാലും കുഴപ്പമില്ല, മുടി കളയാന്‍ പറ്റില്ലെന്ന മകളുടെ നിലപാടില്‍ നിന്ന് അവളെ പിന്തിരിപ്പിക്കാന്‍ എനിക്ക് ഇതേ വഴിയുണ്ടായിരുന്നുള്ളൂ. പിന്നീട് അവള്‍ തല മറച്ചായിരുന്നില്ല പുറത്തിറങ്ങിയിരുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുമെന്ന നീനയുടെ തോന്നലില്‍ നിന്ന് അവളെ രക്ഷിച്ചത് അമ്മയായിരുന്നു. ചികില്‍സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ ആംസ്റ്റര്‍ മിംമ്സ് ആശുപത്രിയില്‍ നീന ജോലി ചെയ്യുന്നു.